ഭീഷണി അതിരുകടന്നാൽ ഇറാന് ആണവ നയം പുനഃപരിശോധിക്കേണ്ടി വരും; മുന്നറിയിപ്പുമായി ഖമേനിയുടെ ഉപദേഷ്ടാവ്

By: 600007 On: Nov 3, 2024, 8:35 AM

 

ടെഹ്റാൻ: സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ ഇസ്രായേലിന് മുന്നറിയിപ്പുമായി ഇറാൻ. ഇസ്രായേലിൽ നിന്ന് ഉയരുന്ന ഭീഷണി അതിരുകടക്കുകയാണെങ്കിൽ ആണവ നയം പുനഃപരിശോധിച്ചേക്കാമെന്ന് ഇറാന്റെ പരമോന്നത നേതാവായ ആയത്തുല്ല ഖമേനിയുടെ ഉപദേഷ്ടാവ് കമാൽ ഖരാസി വ്യക്തമാക്കി. ഇറാന് ആയുധങ്ങൾ നിർമ്മിക്കാനുള്ള കഴിവുണ്ടെന്നും ഭീഷണി ഉയർന്നാൽ ആണവ സിദ്ധാന്തം പരിഷ്കരിക്കുമെന്നുമാണ് കമാൽ ഖരാസിയുടെ മുന്നറിയിപ്പ്. 

ലെബനനിൽ ഹിസ്ബുല്ലയുടെ കമാൻഡർമാരെ ലക്ഷ്യമിട്ട് ഇസ്രായേൽ റെയ്ഡ് നടത്തുകയാണ്. പ്രത്യേക ഓപ്പറേഷനിൽ, ഇസ്രായേൽ നാവിക സേനാ കമാൻഡോകൾ ലെബനനിലെ ബട്രൂണിൽ വെച്ച് ഒരു ഹിസ്ബുല്ല പ്രവർത്തകനെ പിടികൂടിയിട്ടുണ്ട്. ഹിസ്ബുല്ലയുടെ മുതി‍ർന്ന പ്രവർത്തകനെയാണ് പിടികൂടിയതെന്നും അന്വേഷണത്തിന്റെ ഭാ​ഗമായി ഇയാൾ ഇപ്പോൾ കസ്റ്റഡിയിലാണെന്നും ഇസ്രായേൽ അറിയിച്ചു. അതേസമയം, ഇസ്രായേലിന്റെ റെയ്ഡുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവന്നതിന് പിന്നാലെ ശക്തമായ മുന്നറിയിപ്പുമായി ആയത്തുല്ല ഖമേനി രം​ഗത്തെത്തി. അതിശക്തമായ രീതിയിൽ തിരിച്ചടി നേരിടേണ്ടി വരുമെന്ന് ഖമേനി പറഞ്ഞു. 

ഇസ്രായേലിന്റെ റെയ്ഡിനെതിരെ ലെബനൻ അധികൃതർ രം​ഗത്തെത്തിയിരുന്നു. ഐക്യരാഷ്ട്രസഭയിൽ പരാതി നൽകാൻ വിദേശകാര്യ മന്ത്രാലയത്തിന് പ്രധാനമന്ത്രി നജീബ് മിക്കാറ്റി നിർദ്ദേശം നൽകിയെന്നും സംഭവത്തിൽ ലെബനൻ സൈന്യവും യുഎൻ സമാധാന സേനയും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നുമാണ് റിപ്പോർട്ട്.