അയൺ ബീം: ശക്തമായ ആക്രമണങ്ങളെ ഫലപ്രദമായി തടയുന്ന ഇസ്രായേലിന്റെ അയൺ ഡോം ഏറെ പ്രശസ്തമാണ്. പല കോണിൽ നിന്ന് ആക്രമണം പ്രതീക്ഷിക്കുന്നുണ്ട് ഇന്ന് ഇസ്രായേൽ. അയൺ ഡോമിനൊപ്പം പുതിയ തലമുറ ആന്റി മിസൈൽ ഡിഫൻസ് സിസ്റ്റം പ്രതിരോധ മേഖലയുടെ ഭാഗമാക്കാൻ ഒരുങ്ങുകയാണ് ഇസ്രയേൽ ഇപ്പോൾ. ശക്തമായ പവര്‍ ലേസര്‍ ഉപയോഗിച്ചുള്ള പ്രതിരോധ സംവിധാനമാണ് ഇസ്രായേൽ നടപ്പാക്കുന്നത്.
ചീറിപ്പാഞ്ഞെത്തുന്ന മിസൈലുകളെ തടയാൻ ഒരു കവചം പോലെ വര്‍ത്തിച്ച അയൺ ഡോമിനേക്കാൾ മിടുക്കുണ്ട് അയൺ ഭീമിനെന്നും ഇസ്രായേൽ അവകാശപ്പെടുന്നു. ലേസർ ശക്തി ഉപയോഗിച്ചാണ് അയൺ ബീം പ്രവര്‍ത്തിക്കുന്നത്. 100 മീറ്റര്‍ മുതൽ കിലോമീറ്ററുകൾക്ക് അപ്പുറത്തു വരെ ഉള്ള മിസൈലുകളടക്കം പ്രതിരോധിക്കാനുള്ള കഴിവുണ്ടെന്നും ഇസ്രായേൽ അവകാശപ്പെടുന്നു. പ്രതിരോധ സമയത്ത് ജനങ്ങൾക്കും സ്വത്തിനും ഉണ്ടായേക്കാവുന്ന നഷ്ടം വളരെ കുറവാണ് എന്നതാണ് മറ്റൊരു പ്രത്യേകത.
അയൺ ബീം മിസൈലുകൾ, ഡ്രോണുകൾ, റോക്കറ്റുകൾ, മോർട്ടറുകൾ എന്നിവ കൃത്യതയോടെ തിരിച്ചറിയുകയും അതിവേഗം നശിപ്പിക്കുകയും ചെയ്യും. അയൺ ഡോം വിക്ഷേപിക്കുന്ന ഓരോ ഇന്റര്‍സെപ്റ്റർ മിസൈലിനും ഏകദേശം 50,000 ഡോളർ വിലവരും. എന്നാൽ, മോശം കാലാവസ്ഥ ഉൾപ്പെടെ, കുറഞ്ഞ ദൃശ്യപരതയുള്ള സാഹചര്യങ്ങളിൽ ഈ സിസ്റ്റം നന്നായി പ്രവർത്തിക്കണമെന്നില്ല. അതേസമയം, അയൺ ഡോം പ്രവർത്തിപ്പിക്കുന്നതിനുള്ള ചെലവിന്റെ ഒരു അംശം മാത്രം മതി അയൺ ബീം സിസ്റ്റം പ്രവർത്തിക്കാനെന്നും ടെൽ അവീവ് തിങ്ക് ടാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ നാഷണൽ സെക്യൂരിറ്റി സ്റ്റഡീസ് വ്യക്തമാക്കുന്നു,
'അയൺ ബീം' ഒരു വർഷത്തിനുള്ളിൽ പ്രവർത്തനക്ഷമമാകുമെന്നാണ് റിപ്പോർട്ടുകൾ. ലേസർ പ്രതിരോധ സംവിധാനം രാജ്യത്തിന്റെ അയൺ ഡോമിനും മറ്റ് പ്രതിരോധ സംവിധാനങ്ങൾക്കും പൂരകമാകുമെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. പുതിയ സംവിധാനം കൊണ്ടുവരാൻ ഇസ്രയേലിന് 500 മില്യൺ ഡോളറിലധികം ചിലവ് വരുമെന്നാണ് കണക്കുകൂട്ടുന്നത്.