ടെസ്‌ല, സ്‌പേസ് എക്‌സ് മേധാവി ഇലോണ്‍ മസ്‌ക് കരിയറിന്റെ തുടക്കത്തില്‍ അമേരിക്കയില്‍ നിയമവിരുദ്ധമായി ജോലി ചെയ്തിരുന്നതായും ഇതേതുടര്‍ന്ന് മസ്‌കിനെ നാടുകടത്താന്‍ നടപടികളുണ്ടായിരുന്നതായും രേഖകളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ടുകളെ നിഷേധിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മസ്‌ക്. നവംബര്‍ 5 ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി വിജയിച്ചാല്‍ തന്നെ നശിപ്പിക്കാന്‍ അവര്‍ കഴിവിന്റെ പരമാവധി ചെയ്യുമെന്ന് പറയുമ്പോഴും ചിലര്‍ തന്നെ വിശ്വസിക്കുന്നില്ലെന്ന് മസ്‌ക് പ്രതികരിച്ചു. ഇപ്പോള്‍ ഇത്തരം വാര്‍ത്തകള്‍ വരുന്നത് തന്നെ തേജോവധം ചെയ്യാനാണെന്ന് മസ്‌ക് പറയുന്നു. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിനെ പിന്തുണയ്ക്കുന്ന വ്യക്തിയാണ് മസ്‌ക്. അനധികൃത കുടിയേറ്റത്തെ ശക്തമായി എതിര്‍ക്കുന്നയാള്‍ കൂടിയാണ്. ഈ അവസരത്തിലാണ് അന്താരാഷ്ട്ര മാധ്യമത്തില്‍ മസ്‌കിനെ സംബന്ധിച്ച് റിപ്പോര്‍ട്ട് പുറത്തുവരുന്നത്.
റിപ്പോര്‍ട്ട് പുറത്തുവന്നതോടെ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ മസ്‌കിനെ 'ഇല്ലീഗല്‍ വര്‍ക്കര്‍' എന്ന് വിളിച്ചു. രാജ്യത്ത് നിയമവിരുദ്ധമായി തൊഴില്‍ ചെയ്തയാളാണ് ലോകത്തിലെ ധനികനായി മാറിയതെന്നും അദ്ദേഹം വിമര്‍ശിച്ചു. അതേസമയം, ബൈഡന്‍ കള്ളം പ്രചരിപ്പിക്കുകയാണെന്നായിരുന്നു മസ്‌കിന്റെ പ്രതികരണം. അമേരിക്കയില്‍ ജോലി ചെയ്യാന്‍ തനിക്ക് അനുവാദമുണ്ടായിരുന്നുവെന്നും J-1 വിസയിലായിരുന്നു, അത് H-1 B വിസയിലേക്ക് മാറിയെന്നും മസ്‌ക് എക്‌സില്‍ കുറിച്ചു. എല്ലാ രേഖകളും സത്യസന്ധമാണ്, അത് അവര്‍ക്ക് അറിയാം. തെരഞ്ഞെടുപ്പ് തോല്‍വി അവരെ നിരാശരാക്കുകയാണെന്നും മസ്‌ക് കൂട്ടിച്ചേര്‍ത്തു.