ടെൽ അവീവ്: പശ്ചിമേഷ്യയിൽ യുദ്ധഭീതി നിലനിൽക്കവെ ഇറാനെതിരെ ആഞ്ഞടിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ആവശ്യം വന്നാൽ ഇറാനിൽ എവിടെ വേണമെങ്കിലും എത്തിച്ചേരാൻ കഴിയുമെന്നും അടുത്തിടെ നടത്തിയ പ്രത്യാക്രമണം പോലും വളരെ ലഘുവായ രീതിയിലായിരുന്നെന്നും നെതന്യാഹു വ്യക്തമാക്കി. ഇറാന്റെ നേതാക്കളുടെ ധീരമായ വാക്കുകൾക്ക് ഒരിക്കലും ഈ സത്യങ്ങൾ മറച്ചുവെയ്ക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബഹാദിൽ ഇസ്രായേൽ വ്യോമസേന ഉദ്യോഗസ്ഥർ പങ്കെടുത്ത യോഗത്തിൽ സംസാരിക്കവെയായിരുന്നു നെതന്യാഹുവിന്റെ പ്രതികരണം.
അതേസമയം, യുദ്ധ പ്രഖ്യാപനത്തിന് ശേഷം ഇസ്രായേലിന് നേരെയുണ്ടായ ആക്രമണങ്ങളുടെ കണക്കുകൾ ഇസ്രായേൽ പ്രതിരോധ സേന പുറത്തുവിട്ടു. ലെബനൻ, ഗാസ, ഇറാഖ്, സിറിയ, യെമൻ, ഇറാൻ എന്നിവിടങ്ങളിൽ നിന്നായി 1,300ഓളം ഡ്രോണുകളാണ് ഇസ്രായേലിനെ ലക്ഷ്യമാക്കി എത്തിയത്. എന്നാൽ, ഇതിൽ 231 എണ്ണം മാത്രമാണ് ഇസ്രായേലിൽ പതിച്ചത്. ചില സംഭവങ്ങളിൽ മരണങ്ങളും നേരിയ നാശനഷ്ടങ്ങളും സംഭവിച്ചിട്ടുണ്ടെന്നും അപകടമില്ലാതെ തുറസായ സ്ഥലങ്ങളിൽ പതിച്ച ഡ്രോണുകൾ പോലും രാജ്യത്ത് പതിച്ചതായി തന്നെയാണ് കണക്കാക്കിയിരിക്കുന്നതെന്ന് ഇസ്രായേൽ പ്രതിരോധ സേന വ്യക്തമാക്കി.
അടുത്തിടെ ഇറാനെതിരെ നടത്തിയ വ്യോമാക്രമണത്തിന് പ്രത്യാക്രമണം ഉണ്ടാകുമെന്നാണ് ഇസ്രായേലിന്റെ വിലയിരുത്തൽ. ഈ സാഹചര്യത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ സുരക്ഷ ഇസ്രായേൽ വർധിപ്പിച്ചതായാണ് റിപ്പോർട്ട്. വെള്ളിയാഴ്ച മാത്രം ലെബനനിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ 52 പേർ കൊല്ലപ്പെടതായി ലെബനീസ് ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു.