തെൽ അവീവ്: ഹിസ്ബുല്ലയുടെ മിസൈൽ ആക്രമണങ്ങളിൽ ഇസ്രയേലിൽ ഏഴ് പേർ കൊല്ലപ്പെട്ടു. മെതുല, ഹൈഫ എന്നിവിടങ്ങളിൽ വ്യാഴാഴ്ച നടന്ന ആക്രമണങ്ങളിലാണ് ഇസ്രായേലിന് തിരിച്ചടി. മെതുലയിൽ അഞ്ചും ഹൈഫയിൽ രണ്ടും പേർ മരിച്ചതായാണ് ഇസ്രായേൽ സ്ഥിരീകരിക്കുന്നത്. രണ്ടിടങ്ങളിലുമായി എട്ടിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ലബനനിലെ സായുധസംഘമായ ഹിസ്ബുല്ലയെ ലക്ഷ്യമാക്കി ഇസ്രയേൽ ഒക്ടോബറിൽ ആക്രമണം ആരംഭിച്ച ശേഷം ഇസ്രയേലിനു നേരെയുണ്ടാകുന്ന ഏറ്റവും വലിയ ആക്രമണമാണിത്. ഇസ്രയേലുമായി അടുത്ത ദിവസങ്ങളിൽത്തന്നെ വെടിനിർത്തൽ ധാരണയിൽ എത്തിച്ചേരുമെന്ന ലബനന്റെ കെയർടേക്കർ പ്രധാനമന്ത്രി നജീബ് മികാട്ടിയുടെ പ്രസ്താവന വന്ന് മണിക്കൂറുകൾക്കുള്ളിലാണ് ആക്രമണം.