5 പതിറ്റാണ്ടിനിടെയിലെ മഹാപ്രളയം, സ്പെയിനിൽ മരണം 158 ആയി, പലയിടങ്ങളിലും രക്ഷാപ്രവർത്തകർക്ക് എത്തിച്ചേരാനായില്ല

By: 600007 On: Nov 1, 2024, 2:04 PM

 

മാഡ്രിഡ്: അഞ്ച് പതിറ്റാണ്ടിനിടെയുണ്ടായ മഹാപ്രളയത്തില്‍ സ്പെയിനില്‍ മരിച്ചവരുടെ എണ്ണം 158 ആയി. എത്ര പേരെ കാണാതായിട്ടുണ്ടെന്ന് വ്യക്തമല്ല. കിഴക്കൻ മേഖലയായ വലൻസിയയിൽ പെയ്ത കനത്ത മഴയാണ് പ്രളയത്തിനിടയാക്കിയത്. പൂർണമായി മുങ്ങിയ പല പ്രദേശങ്ങളിലും രക്ഷാപ്രവർത്തകർക്ക് എത്തിച്ചേരാന്‍ കഴിഞ്ഞിട്ടില്ല. 


ഒരു വർഷം പെയ്യേണ്ട മഴയാണ് എട്ട് മണിക്കൂറിനുള്ളിൽ വലൻസിയയിൽ പെയ്തത്. കാലാവസ്ഥാ വ്യതിയാനവുമായി ഈ അവസ്ഥയ്ക്ക് ബന്ധമുണ്ടെന്ന് വിദഗ്ധർ പറയുന്നു. സ്പെയിനിന്‍റെ തെക്കും കിഴക്കും ഭാഗങ്ങളിലാണ് അതിശക്തമായ മഴ പെയ്തത്. റോഡുകളെല്ലാം വെള്ളത്തിലായി. ചെളി നിറഞ്ഞ വെള്ളം കാരണം റോഡ് ഗതാഗതം തടസ്സപ്പെട്ടു. റെയിൽ, വ്യോമ ഗതാഗതവും തടസ്സപ്പെട്ടു. തെരുവുകളിൽ കാറുകൾ ഒഴുകിപ്പോകുന്നതും കെട്ടിടങ്ങളിൽ വെള്ളം അടിച്ചുകയറുന്നതുമായ ദൃശ്യങ്ങൾ പുറത്തുവന്നു.

ഇന്നലെ രക്ഷാപ്രവർത്തകർ എട്ട് പേരുടെ മൃതദേഹമാണ് കണ്ടെത്തിയത്.  വെള്ളവും ടോയ്‌ലറ്റ് പേപ്പറും പോലുള്ള അവശ്യ സാധനങ്ങൾ വാങ്ങാൻ ലാ ടോറെയിൽ നിന്ന് വലൻസിയ സിറ്റി സെന്‍ററിലേക്ക് ടൂരിയ നദിക്ക് കുറുകെയുള്ള പാലത്തിലൂടെ നടന്നാണ് ആയിരങ്ങൾ എത്തിയത്.

മെഡിറ്ററേനിയൻ കടലിലെ ചൂടുള്ള വെള്ളത്തിനു മുകളിലൂടെ തണുത്ത വായു നീങ്ങുമ്പോൾ സംഭവിക്കുന്ന 'കോൾഡ് ഡ്രോപ്പ്' എന്നറിയപ്പെടുന്ന  പ്രതിഭാസമാണ് ശക്തമായ മഴയ്ക്ക് കാരണം. ചിലയിടങ്ങളിൽ 24 മണിക്കൂറിൽ 150 മില്ലീ മീറ്ററിലേറെ മഴ പെയ്തു. വളരെയധികം ജാഗ്രത പാലിക്കണമെന്നും, അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് നേരത്തെ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.