കുട്ടികളെ ലക്ഷ്യമിട്ടുള്ള ജങ്ക് ഫുഡ് പരസ്യങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്ന് കനേഡിയൻ ഗവേഷകർ

By: 600007 On: Nov 1, 2024, 7:15 AM

 

കുട്ടികളെയും കൗമാരക്കാരെയും ലക്ഷ്യമിട്ട് സോഷ്യൽ മീഡിയ വഴിയുള്ള ഫാസ്റ്റ് ഫുഡ്, ഷുഗർ ഡ്രിങ്ക് പരസ്യങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്ന്  കനേഡിയൻ ഗവേഷകർ. ഇത്തരം പരസ്യങ്ങൾ അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങൾക്ക് ഇടയാക്കും. അതിനാൽ ഇത്തരം ഭക്ഷ്യവിപണന രീതികളിൽ നിന്ന് കുട്ടികളെയുൾപ്പടെ സംരക്ഷിക്കാൻ പുതിയ നയം രൂപീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.   

ഫാസ്റ്റ് ഫുഡ്, ശീതളപാനീയങ്ങൾ, ചോക്ലേറ്റ്, മറ്റ് ലഘുഭക്ഷണങ്ങൾ എന്നിവയുടെ വില്പനയ്ക്ക് സോഷ്യൽ മീഡിയ വഴിയുള്ള വിപണന തന്ത്രങ്ങൾ സജീവമാണ്. ഓരോ വർഷവും കൌമാരക്കാർ ഇത്തരം 9000 പരസ്യങ്ങളും കുട്ടികൾ 4000 പരസ്യങ്ങളും കാണുന്നുണ്ടെന്നാണ് കണക്ക്. ഇത് കുട്ടികളിൽ ചില പ്രത്യേക ഭക്ഷ്യോല്പ്പന്നങ്ങളോടുള്ള താല്പര്യങ്ങൾക്കും, അതിനായുള്ള ശാഠ്യങ്ങൾക്കുമൊക്കെ കാരണമാകുന്നു. ഇതിന് പുറമെ ഭക്ഷണം തിരഞ്ഞെടുക്കുന്നതിലും, കഴിക്കുന്ന അളവിലുമൊക്കെ ഇത് സ്വാധീനം ചെലുത്തുന്നുണ്ട്. അതിനാൽ അനാവശ്യ പരസ്യങ്ങളുടെ സ്വാധീനത്തിൽ നിന്ന് കുട്ടികളെ മോചിപ്പിച്ച് ആരോഗ്യകരമായ ഭക്ഷണം തെരഞ്ഞെടുക്കുന്നത് എളുപ്പമാകും വിധം പുതിയ നിയമങ്ങൾ രൂപീകരക്കണമെന്നാണ് ആവശ്യം ഉയരുന്നത്.  അനാരോഗ്യകരമായ ഭക്ഷണങ്ങളുടെ വിപണനത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്ന് നേരത്തെ ലോകാരോഗ്യ സംഘടനയും ശുപാർശ ചെയ്തിരുന്നു