മെക്സിക്കോ സന്ദർശനത്തിന് ഒരുങ്ങുന്നവർ ചില മേഖലകളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന നിർദ്ദേശവുമായി കാനഡ സർക്കാർ. തട്ടിക്കൊണ്ടുപോകലടക്കം ക്രിമിനൽ പ്രവർത്തനങ്ങൾ വ്യാപകമായ സ്ഥലങ്ങൾ സന്ദർശിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പിലുള്ളത്.
Culiacán, Mazatlán തുടങ്ങിയ മേഖലകളിൽ സായുധ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടലുകളും വെടിവെയ്പും പതിവാണ്. കഴിഞ്ഞ ദിവസം ഇവിടെ നടന്ന അക്രമങ്ങളിൽ 14 പേർ കൊല്ലപ്പെട്ടിരുന്നു. ഹൈവേകളിൽ അക്രമികൾ വാഹനങ്ങൾ തടഞ്ഞു നിർത്തുന്നുമുണ്ട്. മയക്കുമരുന്ന് കാർട്ടലുകൾ ഉൾപ്പെടെയുള്ള ക്രിമിനൽ ഗ്രൂപ്പുകളും ഇവിടെ സജീവമാണ്. ചില പ്രദേശങ്ങളുടെ നിയന്ത്രണം കൈക്കലാക്കുന്നതിനും മയക്കുമരുന്ന് കള്ളക്കടത്തിനും വേണ്ടിയാണ് ഇവിടെ സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലുകൾ നടക്കുന്നത്. സുരക്ഷാ സേനയും മയക്കുമരുന്ന് കാർട്ടലുകളും തമ്മിലുള്ള ഏറ്റുമുട്ടലുകളും ഇവിടെ സംഭവിക്കാറുണ്ട്. പ്രധാന വിനോദ സഞ്ചാര കേന്ദ്രളെല്ലാം ഒരു പരിധി വരെ സുരക്ഷിതമാണെങ്കിലും അപൂർവ്വമായെങ്കിലും ഇവിടെയും അക്രമാസക്തമായ ഏറ്റമുട്ടലുകൾ അരങ്ങേറാറുണ്ട്. അതിനാൽ അത്യാവശ്യത്തിനല്ലാതെ ഇവിടങ്ങളിലേക്കുള്ള യാത്രകൾ ഒഴിവാക്കാനാണ് കാനഡ സർക്കാരിൻ്റെ നിർദ്ദേശം.