കാനഡയിൽ വിദേശ വിദ്യാർഥികൾക്ക് വർക്ക് പെർമിറ്റുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തുന്ന പുതിയ നിയന്ത്രണങ്ങൾ നവംബർ 1 മുതൽ പ്രാബല്യത്തിൽ വരും. ഇമ്മിഗ്രേഷൻ, റെഫൂജീസ്, ആൻ്റ് സിറ്റിസൻഷിപ്പ് കാനഡയാണ് [ഐആർസിസി] ഇക്കാര്യം അറിയിച്ചത്. നവംബർ ഒന്നിന് മുൻപ് അപേക്ഷിച്ചവർക്ക് പഴയ നിയമപ്രകാരം വർക് പെർമിറ്റ് ലഭിക്കും. നവംബർ ഒന്നിനോ, അതിന് ശേഷമോ അപേക്ഷിക്കുന്നവർക്കാണ് പുതിയ നിയന്ത്രണങ്ങൾ ബാധകമാവുക
ബിരുദം നേടിയ ശേഷം കാനഡയിൽ ജോലി ചെയ്യാൻ വിദ്യാർത്ഥികൾക്ക് വർക്ക് പെർമിറ്റ് ആവശ്യമാണ്. എന്നാൽ ഇനി മുതൽ സർക്കാർ അംഗീകരിച്ച പട്ടികയിലുള്ള കോഴ്സുകളിൽ ബിരുദം നേടിയവർക്ക് മാത്രമെ വർക് പെർമിറ്റ് ലഭിക്കുകയുള്ളൂ. 966 കോഴ്സുകളാണ് ഈ പട്ടികയിലുള്ളത്. ഇതിന് പുറമെ ഭാഷാപരമായ ചില യോഗ്യതകളും നേടേണ്ടതുണ്ട്. രാജ്യത്തെ ഇമിഗ്രേഷൻ സിസ്റ്റം കൂടുതൽ കാര്യക്ഷമമാക്കുന്നതിൻ്റെ ഭാഗമായാണ് പുതിയ മാറ്റങ്ങളെന്ന് ഇമ്മിഗ്രേഷൻ മന്ത്രി മാർക് മില്ലർ അറിയിച്ചു. പുതിയ മാറ്റങ്ങളനുസരിച്ച് ഡെൻ്റൽ അസിസ്റ്റിംഗ്, ടൂറിസം തുടങ്ങിയ പ്രോഗ്രാമുകളിലെ വിദ്യാർത്ഥികൾക്ക് വർക്ക് പെർമിറ്റിന് അർഹതയില്ല. ഇത് വിമർശനങ്ങൾക്കും ഇടയാക്കിയിട്ടുണ്ട് . ടൂറിസത്തെ ആശ്രയിച്ച് ജീവിക്കുന്ന ഒൻ്റാറിയോ പോലുള്ള മേഖലകളിലെ വിദ്യാർഥികളെ ഇത് ദോഷകരമായി ബാധിക്കുമെന്ന് ആരോപണങ്ങളുയർന്നിട്ടുണ്ട്. മതിയായ ചർച്ചകളില്ലാതെയാണ് പുതിയ മാറ്റങ്ങൾ കൊണ്ടു വന്നിട്ടുള്ളതെന്നാണ് വിമർശനങ്ങളുയർന്നിട്ടുള്ളത്.