കുടിയേറ്റ നിയന്ത്രണം: ക്യുബെക്കില്‍ രണ്ട് പ്രധാന ഇമിഗ്രേഷന്‍ പ്രോഗ്രാമുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു 

By: 600002 On: Nov 1, 2024, 10:47 AM

 

2025 ഓടെ കുടിയേറ്റം നിയന്ത്രിക്കാനുള്ള പദ്ധതികളുടെ ഭാഗമായി കനേഡിയന്‍ പൗരത്വം നേടാനുള്ള പാത്ത്‌വേകളായ രണ്ട് പ്രധാന പ്രോഗ്രാമുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കുന്നതായി ക്യബെക്ക് സര്‍ക്കാര്‍. സര്‍ക്കാര്‍ കുടിയേറ്റ നിയന്ത്രണം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. ക്യുബെക്ക് സെലക്ഷന്‍ സര്‍ട്ടിഫിക്കറ്റിലേക്ക് നയിക്കുന്ന രണ്ട് പ്രധാന പ്രോഗ്രാമുകള്‍ താല്‍ക്കാലികമായി മരവിപ്പിക്കുകയാണെന്ന് പ്രീമിയര്‍ ഫ്രാന്‍സ്വേ ലെഗോള്‍ട്ട് അറിയിച്ചു. റെഗുലര്‍ സ്‌കില്‍ഡ് വര്‍ക്കര്‍ പ്രോഗ്രാമും ബിരുദധാരികള്‍ക്കുള്ള ക്യുബെക്ക് എക്‌സ്പീരിയന്‍സ് പ്രോഗ്രാമുമാണ് മരവിപ്പിക്കുന്നത്. ഇതോടെ കാനഡയില്‍ സ്ഥിരതാമസത്തിന് അപേക്ഷിക്കാന്‍ കുടിയേറ്റക്കാര്‍ക്ക് കാലതാമസം നേരിട്ടേക്കും.

ബഹുവര്‍ഷ പദ്ധതിയില്‍ സ്ഥിരമായ കുടിയേറ്റത്തിന് പുറമേ താല്‍ക്കാലിക കുടിയേറ്റവും കുറയ്ക്കുന്നത് പരിഗണിക്കുന്നതായി ഇമിഗ്രേഷന്‍ മന്ത്രി ജീന്‍-ഫ്രാന്‍സ്വേ റോബര്‍ജ് പറയുന്നു. പ്രവിശ്യ ഒരു മള്‍ട്ടി-ഇയര്‍ ഇമിഗ്രേഷന്‍ പ്ലാന്‍ തയാറാക്കുന്നതിനാല്‍ രണ്ട് പ്രോഗ്രാമുകളും മരവിപ്പിക്കുന്നത് 2025 ജൂണ്‍ 30 വരെ നിലവിലുണ്ടാകും. 2026 ല്‍ കുടിയേറ്റ പ്രവേശനത്തിലും ഈ നടപടി സ്വാധീനം ചെലുത്തുമെന്നാണ് പ്രവിശ്യയുടെ വിലയിരുത്തല്‍. 

അതേസമയം, ഈ രണ്ട് സ്ട്രീമുകള്‍ കൈകാര്യം ചെയ്യുന്നത് ക്യുബെക്കിന്റെ അവകാശമാണെങ്കിലും ഫെഡറല്‍ സര്‍ക്കാര്‍ മാസങ്ങളായി ആവശ്യപ്പെട്ടത് പോലെ പ്രവിശ്യ ഇപ്പോഴും ഇമിഗ്രേഷനുമായി ബന്ധപ്പെട്ട് പൂര്‍ണ പദ്ധതി സമര്‍പ്പിച്ചിട്ടില്ലെന്ന് ഇമിഗ്രേഷന്‍ മിനിസ്റ്റര്‍ മാര്‍ക്ക് മില്ലര്‍ പ്രതികരിച്ചു. അടുത്ത വര്‍ഷത്തേക്ക് കുടിയേറ്റ നിയന്ത്രണത്തിനായുള്ള ക്യുബെക്കിന്റെ പദ്ധതികളെ സ്വാഗതം ചെയ്യുന്നു, എന്നാല്‍ ഇപ്പോഴും അത് അപൂര്‍ണമാണെന്ന് മില്ലര്‍ കൂട്ടിച്ചേര്‍ത്തു.