മിഠായികളില്‍ സൂചി, കഞ്ചാവ് കലര്‍ന്ന ഭക്ഷ്യ വസ്തുക്കള്‍; ഹാലോവീന്‍ ദിനത്തില്‍ ജാഗ്രത പാലിക്കണമെന്ന് രക്ഷിതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി ആര്‍സിഎംപി 

By: 600002 On: Nov 1, 2024, 9:05 AM

 


ന്യൂഫൗണ്ട്‌ലാന്‍ഡ് ആന്‍ഡ് ലാബ്രഡോറില്‍ ട്രിക്ക്-ഓര്‍-ട്രീറ്റ് ഇവന്റില്‍ മിഠായില്‍ സൂചി കണ്ടെത്തിയതിനെ തുടര്‍ന്ന് ഹാലോവീന്‍ പരിപാടികളില്‍ ജാഗ്രത പാലിക്കാന്‍ ആര്‍സിഎംപി മാതാപിതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഒക്ടോബര്‍ 26ന് ബേ റോബര്‍ട്ട്‌സ് ഏരിയയിലെ എ ആന്‍ഡ് ഡബ്ല്യു റെസ്‌റ്റോറന്റില്‍ ട്രങ്ക്-ഓര്‍-ട്രീറ്റ് ഇവന്റില്‍ വിതരണം ചെയ്ത ട്വിസ്‌ലറിലാണ് സൂചി കണ്ടെത്തിയത്. ഒക്ടോബര്‍ 29ന് വാന്‍കുവര്‍ ഐലന്‍ഡിലെ ക്രിമിനല്‍ പ്രവര്‍ത്തനവും ആര്‍സിഎംപി തടഞ്ഞു. കഞ്ചാവ് കലര്‍ന്ന മിഠായികളും മറ്റ് ഭക്ഷ്യോല്‍പ്പന്നങ്ങളുമാണ് പ്രതികള്‍ വിതരണം ചെയ്യാന്‍ ശ്രമിച്ചത്. സംഭവത്തില്‍ പോലീസ് ആറ് പ്രതികളെ അറസ്റ്റ് ചെയ്തു.  

പോലീസ് നടത്തിയ റെയ്ഡില്‍ ചോക്ലേറ്റ് ബാറുകള്‍, മിഠായികള്‍, കിറ്റ്-കാറ്റ്, റോലോസ് തുടങ്ങിയ ജനപ്രിയ ബ്രാന്‍ഡുകളുടെ പേരിനോട് സാമ്യമുള്ള പാക്കേജിംഗുള്ള ചിപ്‌സുകള്‍ ഉള്‍പ്പെടെ നിരവധി വ്യാജ ഭ്‌ക്ഷ്യോല്‍പ്പന്നങ്ങളും മിഠായികളും പിടിച്ചെടുത്തു. ഇവയിലെല്ലാം കഞ്ചാവ് അടങ്ങിയിട്ടുണ്ടായിരുന്നുവെന്ന് പോലീസ് സ്ഥിരീകരിച്ചു. ഇതിനാലാണ് ഹാലോവീന്‍ ദിനങ്ങളില്‍ കുട്ടികള്‍ക്ക് ലഭിക്കുന്ന മിഠായികളും മറ്റ് മധുരപലഹാരങ്ങളും പരിശോധിക്കണമെന്നും ജാഗ്രത പാലിക്കണമെന്നും രക്ഷിതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതെന്ന് പോലീസ് അറിയിച്ചു.