കാനഡയിൽ ചൂട് കൂടുന്നത് ആഗോള ശരാശരിയേക്കാൾ വേഗത്തിൽ

By: 600007 On: Oct 31, 2024, 12:54 PM

 

ആഗോള ശരാശരിയേക്കാൾ ഇരട്ടി വേഗത്തിലാണ് കാനഡയിൽ ചൂട് വർദ്ധിക്കുന്നതെന്ന് കണ്ടെത്തൽ. എൻവയോൺമെന്‍റ് ആൻ്റ് ക്ലൈമറ്റ് ചേഞ്ച് കാനഡയുടെ [ഇസിസിസി] പഠനത്തിലാണ് ഈ കണ്ടെത്തലുള്ളത്. രാജ്യത്ത് എല്ലാ വേനൽക്കാലത്തും ചൂട് വർദ്ധിച്ച് വരികയാണ്. ഇതിന് കാരണം പ്രകൃതിയിൽ മനുഷ്യൻ്റെ ഇടപെടൽ മൂലമുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനമാണെന്നും എൻവയോൺമെന്‍റ് ആൻ്റ് ക്ലൈമറ്റ് ചേഞ്ച് കാനഡ വ്യക്തമാക്കുന്നു. 

സ്പ്രിങ് - സമ്മർ സീസണുകളിൽ ചൂടേറുന്നത് നേരത്തെയുള്ള മഞ്ഞ് ഉരുകലിനും, അപകടകരമായ ചൂട് തരംഗങ്ങൾക്കും, കാട്ടുതീക്കും എല്ലാം ഇടയാക്കുന്നുണ്ട്.കഴിഞ്ഞ ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള കാലത്ത് കാനഡയിലുണ്ടായ 37 താപ തരംഗങ്ങൾ ഇസിസിസി പരിശോധനയ്ക്ക് വിധേയമാക്കുകയുണ്ടായി. മനുഷ്യൻ്റെ ഇടപെടൽ മൂലമുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനം ഈ താപ തരംഗങ്ങളെ സ്വാധീനിച്ചിട്ടുണ്ടെന്ന് പഠനത്തിൽ വ്യക്തമായത്. ഇത്തരം കാലാവസ്ഥാ വ്യതിയാനങ്ങൾ ഉൽപ്പാദന നഷ്ടം മുതൽ ജീവഹാനി വരെ രൂക്ഷമായ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്നും ഇസിസിസി മുന്നറിയിപ്പ് നല്കുന്നുണ്ട്