ചൈനീസ് ഹാക്കർമാർ കനേഡിയൻ സർക്കാർ നെറ്റ്‌വർക്കുകളിൽ നുഴഞ്ഞ് കയറി വിലപ്പെട്ട വിവരങ്ങൾ സ്വന്തമാക്കിയതായി റിപ്പോർട്ട്.. കാനഡയിലെ സൈബർ ചാര ഏജൻസിയായ സിഎസ്ഇയുടെ റിപ്പോർട്ടിലാണ് ഇത് സംബന്ധിച്ച വെളിപ്പെടുത്തൽ. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 20ളം സർക്കാർ നെറ്റ്‌വർക്കുകൾ ഹാക്ക് ചെയ്യപ്പെട്ടതായാണ് റിപ്പോർട്ടിലുള്ളത്.
കാനഡ ഇന്ന് അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ സൈബർ സുരക്ഷാ ഭീഷണി നേരിടുന്നത് ചൈനയിൽ നിന്നാണെന്ന് സിഎസ്ഇ റിപ്പോർട്ട് പറയുന്നു. ചൈനീസ് സർക്കാരിൻ്റെ പിന്തുണയുള്ള ഹാക്കർമാർ കാനഡയിലെ ഫെഡറൽ, പ്രവിശ്യ, പ്രാദേശിക സർക്കാർ നെറ്റ്‌വർക്കുകൾക്കെതിരെ സൈബർ അറ്റാക്കുകൾ നടത്തുന്നതായി റിപ്പോർട്ട് പറയുന്നു. ഹാക്കിങ്ങിനെ തുടർന്നുള്ള പ്രശ്നങ്ങൾ പരിഹരിച്ചെങ്കിലും, കനേഡിയൻ നെറ്റ്‌വർക്കുകൾ പഠിക്കാൻ ഹാക്കർമാർക്ക് ഗണ്യമായ സമയം ലഭിച്ചെന്നാണ് കണ്ടെത്തൽ. ചൈന-കാനഡ ബന്ധങ്ങളിലും വാണിജ്യപരമായ കാര്യങ്ങളിലും നേട്ടമുണ്ടാക്കാനാണ് ഹാക്കിങ്ങിലൂടെ ചൈന ലക്ഷ്യമിട്ടത്. റഷ്യ, ഇറാൻ, ഇന്ത്യ എന്നീ രാജ്യങ്ങളിൽ നിന്നും സമാന സൈബർ ഭീഷണികളുണ്ടെന്നും സിഎസ്ഇ റിപ്പോർട്ടിൽ ഉണ്ട്.