വാഹനങ്ങളുടെ ശബ്ദമലിനീകരണം നിയന്ത്രിക്കാൻ പുതിയ ചട്ടവുമായി കാൽഗറി

By: 600007 On: Oct 31, 2024, 12:35 PM

 

വാഹനങ്ങളുടെ ശബ്ദമലിനീകരണം നിയന്ത്രിക്കാൻ പുതിയ ചട്ടവുമായി കാൽഗറി. അമിതശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ നടപടിക കർശനമാക്കാൻ കാൽഗറി നഗരം. നഗരവാസികളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഇതിൻ്റെ ഭാഗമായി ശബ്ദവുമായി ബന്ധപ്പെട്ട ചട്ടങ്ങളിൽ ഭേദഗതി വരുത്താൻ സിറ്റി കൌൺസിൽ ഏകകണ്ഠമായി തീരുമാനിച്ചു. 

സാധാരണക്കാർക്ക് ശല്യമാകുന്ന രീതിയിൽ വാഹനങ്ങളിൽ നിന്നുയരുന്ന ഏത് ശബ്ദവും ഒബ്ജക്ഷണബിൾ നോയിസ് എന്ന വിഭാഗത്തിൽപ്പെടുത്തും വിധമാണ് ചട്ടം ഭേദഗതി ചെയ്യുക. ടയറുകൾ ഉരയുമ്പോൾ ഉണ്ടാകുന്ന ശബ്ദം, ഉച്ചത്തിലുള്ള സംഗീതം, ഒരു മിനിറ്റിലധികം നീണ്ടുനിൽക്കുന്ന കാർ അലാറങ്ങൾ തുടങ്ങിയവ ഇതിൽ ഉൾപ്പെടും. വണ്ടികൾ ഓടുമ്പോൾ 96 ഡെസിബല്ലിലും നിർത്തുമ്പോൾ 92 ഡെസിബല്ലിലും കൂടുതൽ ശബ്ദമുണ്ടാക്കാൻ പാടില്ലെന്നാണ് പുതിയ ചട്ടം. വാണിജ്യ വാഹനങ്ങളിൽ റിട്ടാർഡർ ബ്രേക്കുകളുടെ ഉപയോഗവും പുതിയ ചട്ടം നിയന്ത്രിക്കുന്നുണ്ട്. ഈ വർഷം അവസാനത്തോടെ പുതിയ മാറ്റങ്ങൾ പ്രാബല്യത്തിൽ വരുത്താനാണ് പദ്ധതിയിടുന്നത്.നഗരവാസികളെ അവരുടെ വാഹനത്തിൻ്റെ ശബ്ദം പരിശോധിക്കാൻ പ്രേരിപ്പിക്കുന്നതിനായി കാമ്പെയ്‌ൻ ആരംഭിക്കാനും തീരുമാനമായിട്ടുണ്ട്.