ഭക്ഷ്യവിഷബാധയ്ക്ക് കാരണമായ മക്‌ഡൊണാള്‍ഡ്‌സ് ക്വാര്‍ട്ടര്‍ പൗണ്ടര്‍ ഹാംബര്‍ഗറുകള്‍ കഴിച്ചതിനെ തുടര്‍ന്ന് 15 വയസ്സുള്ള ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ വൃക്ക തകരാറിന്റെ ഗുരുതരമായ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മാരകമായ ഇ. കോളി ബാക്ടീരിയ പടര്‍ന്ന ആഴ്ചകളില്‍ കൊളറാഡോ സ്വദേശിനിയായ കാംബര്‍ലിന്‍ ബൗളര്‍ മൂന്ന് തവണ ഹാംബര്‍ഗ് വാങ്ങി കഴിച്ചിരുന്നതായി പറയുന്നു. തുടര്‍ന്ന് ഭക്ഷ്യവിഷബാധയേറ്റ ബൗളറിനെ ഡെന്‍വറിനടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിശോധനയില്‍ ബൗളറിന് വൃക്ക തകരാര്‍ കണ്ടെത്തുകയും അടിയന്തരമായി 10 ദിവസം ഡയാലിസിസ് ചെയ്യുകയും ചെയ്തു. ബൗളര്‍ ഇപ്പോഴും ചികിത്സയിലാണ്.
മക്‌ഡൊണാള്‍ഡ്‌സില്‍ നിന്നും ഹാംബര്‍ഗ് കഴിച്ച വിവിധ സംസ്ഥാനങ്ങളിലെ 75 ഓളം പേര്‍ക്കാണ് ഭക്ഷ്യവിഷബാധ സ്ഥിരീകരിച്ചത്. ഇതില്‍ 22 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാംബര്‍ലിന്‍ ബൗളര്‍ താമസിക്കുന്ന മെസ കൗണ്ടിയില്‍ 11 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവിടെ ഒരാള്‍ മരിക്കുകയും ചെയ്തു. ബര്‍ഗറുകളില്‍ ചേര്‍ത്ത ഉള്ളിയില്‍ നിന്നാണ് ഇ.കോളി ബാക്ടീരിയ പടര്‍ന്നതെന്ന് കണ്ടെത്തിയതായി ഫെഡറല്‍ ഹെല്‍ത്ത് ഏജന്‍സി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. വൃക്ക തകരാറിലായതോടെ കാംബര്‍ലിന്‍ ബൗളറിന്റെ ആരോഗ്യത്തില്‍ ആശങ്കയിലാണ് താനെന്നും മക്‌ഡൊണാള്‍ഡ്‌സിനെതിരെ കേസ് നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണെന്നും ബൗളറിന്റെ അമ്മ ബ്രിട്ടാനി റാന്‍ഡല്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
ഇ.കോളി ബാക്ടീരിയ അപകടകരമായ വിഷവസ്തു ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. ഇത് ഹീമോലിറ്റിക് യൂറിമിക് സിന്‍ഡ്രോം എന്നറിയപ്പെടുന്ന ഗുരുതരമായ വൃക്കരോഗത്തിന് കാരണമാകുന്നതായി ആരോഗ്യ വിദഗ്ധര്‍ പറയുന്നു. പല കുട്ടികളും രോഗങ്ങള്‍ ബാധിച്ച് ആശുപത്രിയില്‍ കഴിയുന്നുണ്ട്. ചിലര്‍ക്ക് വൃക്ക മാറ്റിവെക്കല്‍ ആവശ്യമായി വരുന്നുണ്ടെന്നും ഇന്ത്യാനയിലെ റിലേ ഹോസ്പിറ്റല്‍ ഫോര്‍ ചില്‍ഡ്രനിലെ കിഡ്‌നി സ്‌പെഷ്യലിസ്റ്റ് ഡോ. മൈഡ ഖാലിദ് പറഞ്ഞു.