ലണ്ടന്‍: ഇംഗ്ലണ്ട് ടെസ്റ്റ് ടീം നായകന്‍ ബെന്‍ സ്റ്റോക്സിന്‍റെ വീട്ടില്‍ വന്‍ മോഷണം. സ്റ്റോക്സ് പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയില്‍ കളിക്കുന്ന സമയത്താണ് ലണ്ടനിലെ നോര്‍ത്ത് ഈസ്റ്റ് അരീനയിലുള്ള കാസില്‍ ഈഡനിലെ വീട്ടില്‍ മോഷണം നടന്നത്. പാകിസ്ഥാനെതിരായ രണ്ടാം ടെസ്റ്റില്‍ കളിക്കുന്നതിനിടെയാണ് വീട്ടില്‍ മോഷണം നടന്നതെന്നും തനിക്ക് വൈകാരികമായി ഏറെ പ്രിയപ്പട്ടതും അമൂല്യമായതുമായ പലവസ്തുക്കളും മോഷ്ടാക്കൾ കൊണ്ടുപോയെന്നും സ്റ്റോക്സ് പറഞ്ഞു. മുഖം മൂടി ധരിച്ചെത്തിയ അക്രമികളാണ് വീട്ടില്‍ അതിക്രമിച്ചു കയറി മോഷണം നടത്തിയത്.
മോഷണം നടക്കുമ്പോള്‍ സ്റ്റോക്സിന്‍റെ ഭാര്യ ക്ലെയറും മക്കളായ ലെയ്റ്റണും ലിബ്ബിയും വീട്ടിലുണ്ടായിരുന്നു. അക്രമികള്‍ കുടുംബത്തെ ഒന്നും ചെയ്തില്ലെന്നും എന്നാല്‍ വീട്ടിലെ വിലപിടിപ്പുള്ള പലതും എടുത്തുകൊണ്ടുപോയെന്നും സ്റ്റോക്സ് പറഞ്ഞു. വീട്ടില്‍ നടന്ന മോഷണം തന്‍റെ കുടുംബത്തെ മാനസികമായി തകര്‍ത്തുവെന്നും മോഷ്ടാക്കള്‍ കൊണ്ടുപോയെ സാധനങ്ങളില്‍ പലതും പകരം വയ്ക്കാനാവാത്തയാണെന്നും അതുകൊണ്ട് അവ ദയവു ചെയ്ത് തിരിച്ചു തരണമെന്നും സ്റ്റോക്സ് അഭ്യര്‍ത്ഥിച്ചു. മോഷ്ടിക്കപ്പെട്ട സാധനങ്ങളുടെ ചില ചിത്രങ്ങളും സ്റ്റോക്സ് തന്‍റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചു. ഈ ചിത്രങ്ങള്‍ പങ്കുവെക്കുന്നതുകൊണ്ട് അത് തിരിച്ചു കിട്ടുകയല്ല തന്‍റെ ലക്ഷ്യമെന്നും മോഷ്ടാക്കള്‍ പിടിക്കപ്പെടണമെന്നും സ്റ്റോക്സ് വ്യക്തമാക്കി.