എതിരാളികൾ വരട്ടെ, കളക്ഷനിൽ ഒന്നൊന്നര 'പണി'യുമായി ജോജു മുന്നോട്ട്

By: 600007 On: Oct 31, 2024, 8:09 AM

ജൂനിയർ ആർട്ടിസ്റ്റായി മലയാള സിനിമാ ലോകത്ത് ചുവടുവച്ച ആളാണ് ജോജു ജോർജ്. പിന്നീട് സഹനടനായും എത്തിയ അദ്ദേഹത്തിന്റെ കരിയറിൽ വൻ വഴിത്തിരിവായി മാറിയത് ജോസഫ് എന്ന ചിത്രമാണ്. ടൈറ്റിൽ വേഷത്തിൽ ജോജു എത്തിയപ്പോൾ പ്രേക്ഷകർ അതൊന്നടങ്കം ഏറ്റെടുത്തു. പ്രശംസകൾ കൊണ്ട് മൂടി. പിന്നീട് ഇങ്ങോട്ട് വന്ന സിനിമകളെല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഒടുവിൽ നിർമാതാവ് കൂടിയായ ജോജു സംവിധായകന്റെ മേലങ്കിയും അണിഞ്ഞു. 

കാലങ്ങളായുള്ള സിനിമാ ജീവിതത്തിൽ നിന്നും ഉൾകൊണ്ട പാഠങ്ങളുമായിട്ടായിരു്നനു ജോജു ജോർജ് സംവിധാനത്തിൽ എത്തിയത്. ഒടുവിൽ ഏഴ് ദിവസം മുൻപ് പണി എന്ന ചിത്രം തിയറ്ററുകളിൽ എത്തി. ഫസ്റ്റ് ഷോ മുതൽ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിക്കുന്നത്. ജോജുവിന് പണി അറിയാം എന്ന് കുറിച്ചു കൊണ്ടുള്ള ധാരാളം റിവ്യുകളും സോഷ്യൽ ലോകത്ത് വന്നു. ബോക്സ് ഓഫീസിലും മികച്ച പ്രകടനമാണ് പണി കാഴ്ചവയ്ക്കുന്നത്. ഈ അവസരത്തിൽ പണി ഇതുവരം നേടിയ കളക്ഷൻ വിവരങ്ങൾ പുറത്തുവരികയാണ്.

സാക്നിൽകിന്റെ റിപ്പോർട്ട് പ്രകാരം 17.80 കോടിയാണ് ആ​ഗോളതലത്തിൽ പണി നേടിയത്. ആറ് ദിവസത്തെ കളക്ഷനാണിത്. ഇന്ത്യയിൽ നിന്നും 9.35 കോടി, ഓവർസീസ്‍ 7.00 കോടി, ഇന്ത്യ ​ഗ്രോസ് കളക്ഷൻ 10.80 കോടി എന്നിങ്ങനെയാണ് കണക്കുകൾ. വരും ദിവസങ്ങളിലും ചിത്രം മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്നാണ് വിലയിരുത്തലുകൾ.