അവധിക്കാലം അടുത്തിരിക്കെ കാനഡയിൽ പോസ്റ്റൽ ജീവനക്കാർ സമരത്തിലേക്കെന്ന് സൂചന. ചർച്ചയിൽ അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ നവംബർ മൂന്നാം തീയതി മുതൽ സമരത്തിലേക്ക് നീങ്ങുമെന്നാണ് യൂണിയനുകളുടെ നിലപാട്.
മെച്ചപ്പെട്ട വേതനം,ആരോഗ്യ ആനുകൂല്യങ്ങൾ,ശമ്പളത്തോടു കൂടിയ വിശ്രമ കാലയളവ് തുടങ്ങിയവയുമായി ബന്ധപ്പെട്ട് തൊഴിലാളി യൂണിയനുകൾ കഴിഞ്ഞ ഒരു വർഷത്തോളമായി കാനഡ പോസ്റ്റുമായി ചർച്ചകൾ നടത്തിവരികയാണ്. എന്നാൽ ചർച്ചയിൽ യാതൊരു പുരോഗതിയുമില്ലെന്നാണ് യൂണിയനുകൾ ആരോപിക്കുന്നത്. തിരക്കുകളുടെ അവധിക്കാലമാണ് വരാനിരിക്കുന്നത്. വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കാനഡ പോസ്റ്റ് ഇ-കൊമേഴ്‌സ്, ഡെലിവറി കമ്പനികളിൽ നിന്ന് കടുത്ത മത്സരവും നേരിടുന്നുണ്ട്. ഈ സാഹചര്യത്തിൽ ജീവനക്കാർ പണിമുടക്കിലേക്ക് നീങ്ങിയാൽ, അത് മെയിൽ സേവനങ്ങളെ ആശ്രയിക്കുന്ന ബിസിനസുകൾക്കും വ്യക്തികൾക്കും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കുമെന്നാണ് വിലയിരുത്തൽ.
പണിമുടക്കുണ്ടായാൽ സർക്കാരിൻ്റെ നിലപാടും നിർണ്ണായകമാണ്. കഴിഞ്ഞ ഓഗസ്റ്റിൽ പണിമുടക്കിയ റെയിൽവേ ജീവനക്കാരോട് തിരികെ ജോലിയിൽ പ്രവേശിക്കാൻ സർക്കാർ ഉത്തരവിട്ടിരുന്നു.