നികുതി ദായകർക്ക് 200 ഡോളറിന്‍റെ റിബേറ്റ് പ്രഖ്യാപിച്ച് ഒന്റാരിയോ സർക്കാർ. അടുത്ത വർഷത്തിൻ്റെ തുടക്കം മുതലാണ് ഇത് നടപ്പിലാവുക. വർധിച്ച് വരുന്ന ജീവിതച്ചെലവിൻ്റെ പശ്ചാത്തലത്തിൽ സഹായമെന്ന നിലയിലാണ് റിബേറ്റ് പ്രഖ്യാപിച്ചിരിക്കുന്നത്. ധനമന്ത്രി പീറ്റർ ബെത്‌ലെൻഫാൽവിയോടൊപ്പം പ്രീമിയർ ഡഗ് ഫോർഡാണ് ഇക്കാര്യം അറിയിച്ചത്.
പുതിയ തീരുമാനത്തിൻ്റെ ഭാഗമായി അർഹരായ ഓരോ കുട്ടിക്കും 200 ഡോളർ കൂടി നൽകുമെന്നും ഇരുവരും അറിയിച്ചു. ഇതിലൂടെ ആകെ 12.5 മില്യൻ മുതിർന്നവർക്കും 2.5 മില്യൻ കുട്ടികൾക്കുമാണ് റിബേറ്റ് ലഭിക്കുക. മൂന്ന് ബില്യൺ ഡോളറോളമാണ് സർക്കാർ ഇതിന് ചെലവ് പ്രതീക്ഷിക്കുന്നത്. വരുമാന വ്യത്യാസമില്ലാതെ എല്ലാ നികുതി ദായകർക്കും റിബേറ്റ് ലഭിക്കും. തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള തട്ടിപ്പെന്നായിരുന്നു പുതിയ പ്രഖ്യാപനത്തോട് പ്രതിപക്ഷ പാർട്ടികളുടെ പ്രതികരണം.