അനധികൃതമായി രാജ്യത്ത് താമസിച്ചിരുന്ന 1,100ളം ഇന്ത്യൻ പൗരന്മാരെ 2023-2024 സാമ്പത്തിക വർഷത്തിൽ തിരിച്ചയച്ചതായി യുഎസ് ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി (ഡിഎച്ച്എസ്). അനധികൃത കുടിയേറ്റം നിയന്ത്രിക്കുന്നതിൻ്റെ ഭാഗമായാണ് നടപടി. നാടുകടത്തപ്പെട്ടവരിൽ പ്രായപൂർത്തിയാകാത്ത ഇന്ത്യൻ പൗരന്മാർ ഉണ്ടായിരുന്നില്ലെന്നും ഡിഎച്ച്എസ് വ്യക്തമാക്കി .
വിവിധ രാജ്യക്കാരായ ഒരു ലക്ഷത്തി അറുപതിനായിരത്തോളം പേരെയാണ് തിരിച്ചയച്ചത്. ഇതിനായി 145 രാജ്യങ്ങളിലേക്ക് 495 വിമാന സർവ്വീസുകളും നടത്തി. നിയമപരമായി അമേരിക്കയിൽ തുടരാൻ കഴിയാത്ത വിദേശപൌരന്മാരെ അതത് രാജ്യങ്ങളിലെ സർക്കാരുമായി സഹകരിച്ചാണ് മടക്കി അയക്കുന്നതെന്ന് ഡിഎച്ച്എസ് വ്യക്തമാക്കി. നിയമപരമായ കുടിയേറ്റം പ്രോൽസാഹിപ്പിക്കുന്നതിന് പുറമെ രാജ്യാന്തര ക്രിമിനൽ ശൃംഖലകൾ സാധാരണക്കാരായ ആളുകളെ കള്ളക്കടത്തിനും ചൂഷണത്തിനും വിധേയമാക്കുന്നത് തടയാനും വേണ്ടിയാണ് നടപടികൾ കർശനമാക്കുന്നത്.