സുരക്ഷിതമല്ലാത്തതും നിയമവിരുദ്ധവുമായ ഹൗസിംഗ് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ബ്രാംപ്ടണ്‍ സിറ്റി പ്രവര്‍ത്തിക്കുമ്പോള്‍ ഒരു പ്രാദേശിക കൗണ്‍സിലര്‍ മുനിസിപ്പല്‍ നിയമങ്ങള്‍ക്ക് വിരുദ്ധമായി രജിസ്റ്റര്‍ ചെയ്യാത്ത ഒരു ബേസ്‌മെന്റ് അപ്പാര്‍ട്ട്‌മെന്റിന്റെ സഹ ഉടമസ്ഥനാണെന്ന് കണ്ടെത്തി. ബ്രാംപ്ടണ്‍ സിറ്റി കൗണ്‍സിലിലും പീല്‍ റീജിയണല്‍ കൗണ്‍സിലിലും സ്ഥാനം വഹിക്കുന്ന കൗണ്‍സിലര്‍ ഗുര്‍പര്‍താപ് സിംഗ് ടൂറിന്റെ സഹ ഉടമസ്ഥതയിലാണ് അപ്പാര്‍ട്ട്‌മെന്റെന്ന് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. നോര്‍ത്ത്ഈസ്റ്റ് ബ്രാംപ്ടണിലെ ഗാര്‍ഡന്‍ബ്രൂക്ക് ട്രെയ്‌ലിലെ അപ്പാര്‍ട്ട്‌മെന്റാണ് ഗുര്‍പര്‍താപ് സിംഗിന്റെ പേരിലുള്ളത്. എന്നാല്‍ ഈ വാര്‍ത്ത നിഷേധിക്കുകയാണ് അദ്ദേഹം.
2021 മുതല്‍ ഗുര്‍പര്‍താപിന്റെ പേരിലാണ് ഈ അപ്പാര്‍ട്ട്‌മെന്റെന്ന് രേഖകള്‍ തെളിവുണ്ട്. കൂടാതെ വിവരവാകാശ അപേക്ഷ പ്രകാരം ലഭിച്ച വിവരങ്ങള്‍ വെളിപ്പെടുത്തുന്നത് ബേസ്‌മെന്റ് ഇക്കാലയളവില്‍ നിയമവിരുദ്ധമായി വാടകയ്ക്ക് നല്‍കിയിട്ടുണ്ടെന്നാണ്. 2012 മുതല്‍ സഹോദരിയുടെ ഉടമസ്ഥതയിലായിരുന്ന പ്രോപ്പര്‍ട്ടി 2021 ല്‍ ഒരു ശതമാനം ഓഹരി കൈമാറി ഗുര്‍പര്‍താപ് സിംഗിനെ സഹ ഉടമയാക്കുകയായിരുന്നുവെന്ന് രേഖകള്‍ കാണിക്കുന്നു. കാലിഡണില്‍ അദ്ദേഹത്തിന് മറ്റ് മൂന്ന് വീടുകള്‍ കൂടി സ്വന്തമായിട്ടുണ്ട്. പരാതി ലഭിച്ച ഉടന്‍ സിറ്റി ബ്രാംപ്ടണ്‍ പ്രോപ്പര്‍ട്ടി പരിശോധിക്കുകയും സെപ്റ്റംബറില്‍ ഒരു കംപ്ലയന്‍സ് നോട്ടീസ് നല്‍കുകയും 750 ഡോളര്‍ പിഴ ഈടാക്കുകയും ചെയ്തിരുന്നു. ബ്രാംപ്ടണ്‍ ഹൗസിംഗ് പ്രൊവൈഡേഴ്‌സ് അസോസിയേഷന്റെ സ്ഥാപകനായ ആസാദ് ഗോയാത് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
അതേസമയം, തനിക്കെതിരെ ഉണ്ടായ എല്ലാ ആരോപണങ്ങളും ഗുര്‍പര്‍താപ് സിംഗ് നിഷേധിച്ചു. വ്യക്തിപരമായ കാരണങ്ങളാല്‍ കുറച്ചുകാലത്തേക്ക് ഒരു ശതമാനം ഓഹരി താന്‍ കൈവശം വെച്ചിരുന്നുവെന്നും വീട്ടില്‍ നിന്നും മറ്റ് വരുമാനങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി.
അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളെ കേന്ദ്രീകരിച്ച് സിറ്റി കൗണ്‍സില്‍ പരിഹരിക്കാന്‍ ശ്രമിക്കുന്ന ബ്രാംപ്ടണിലെ പ്രധാന പ്രശ്‌നമാണ് അനധികൃത അപ്പാര്‍ട്ട്‌മെന്റുകളുടെ പ്രവര്‍ത്തനം. 2021 ല്‍ കാനഡയില്‍ അനുയോജ്യമല്ലാത്ത വീടുകളില്‍ താമസിക്കുന്ന അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ എണ്ണം ഏറ്റവും ഉയര്‍ന്ന നിരക്ക് ബ്രാംപ്ടണിലായിരുന്നുവെന്ന് സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.