ഓണ്‍ലൈനിലൂടെയും ഫെയ്‌സ്ബുക്ക് മാര്‍ക്കറ്റ്‌പ്ലെയ്‌സിലൂടെയും ഫോണുകള്‍ വില്‍ക്കാനും വാങ്ങാനുമായി നടത്തിയ ബൈ ആന്‍ഡ് സെല്‍ മീറ്റ് അപ്പുകള്‍ക്കിടയില്‍ ഒന്നിലധികം സെല്‍ഫോണുകള്‍ മോഷ്ടിച്ചതിന് ബ്രാംപ്ടണില്‍ 15 വയസ്സുകാരനെതിരെ കേസെടുത്തു. ഫെയ്‌സ്ബുക്ക് മാര്‍ക്കറ്റ് പ്ലെയ്‌സിലൂടെ മൊബൈല്‍ഫോണ്‍ വില്‍ക്കാന്‍ നിരവധി പേര്‍ ഇയാളെ സമീപിച്ചിരുന്നതായി പീല്‍ റീജിയണല്‍ പോലീസ് പറഞ്ഞു. കൗമാരക്കാരനെ സമീപിച്ചവരില്‍ നിന്നും വില്‍പ്പനയ്‌ക്കെന്ന വ്യാജേന ഫോണുകള്‍ മോഷ്ടിക്കുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. ഫോണുകളുടെ ക്രയവിക്രയത്തിനായി ഫെയ്‌സ്ബുക്ക് മാര്‍ക്കറ്റ്‌പ്ലെയ്‌സില്‍ ഡേവിഡ് പോള്‍ എന്ന അപരനാമത്തിലാണ് കൗമാരക്കാരന്‍ ആളുകളെ സമീപിച്ചിരുന്നതെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.
മൊബൈല്‍ ഫോണ്‍ വാങ്ങാനെന്ന വ്യാജേന ഉടമകളുമായി ബന്ധം സ്ഥാപിക്കുകയും ഇവരെ നേരില്‍ കാണാനും പരിശോധന നടത്താനും ആവശ്യപ്പെടും. ഫോണ്‍ കയ്യില്‍ കിട്ടിയ ഉടന്‍ ഇയാള്‍ അവിടെനിന്നും കടന്നുകളയുകയാണ് പതിവെന്നും പോലീസ് പറഞ്ഞു. ഇയാള്‍ക്ക് മോഷണങ്ങളില്‍ സഹായികളുണ്ടെന്നും ഇവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും പോലീസ് പറയുന്നു.
പരിചയമില്ലാത്തവരുമായി ഫോണ്‍ ഉള്‍പ്പെടെയുള്ള വിലയേറിയ വസ്തുക്കള്‍ വില്‍ക്കുകയോ വാങ്ങുകയോ ചെയ്യുമ്പോള്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് പീല്‍ പോലീസ് മുന്നറിയിപ്പ് നല്‍കി.