കനേഡിയന്‍ മണ്ണിലെ കുറ്റകൃത്യങ്ങളില്‍ ഇന്ത്യന്‍ പങ്ക്; ഉത്തരവ് നല്‍കുന്നത് മോദി സര്‍ക്കാരിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെന്ന് കാനഡ 

By: 600002 On: Oct 30, 2024, 9:46 AM

 


ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സര്‍ക്കാരിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് കനേഡിയന്‍ മണ്ണില്‍ കുറ്റകൃത്യങ്ങളും കൊലപാതകങ്ങളും കനേഡിയന്‍ പൗരന്മാരെ ഭയപ്പെടുത്താനും ഉള്‍പ്പെടെയുള്ള നടപടികള്‍ക്ക് ഉത്തരവ് നല്‍കിയതെന്ന് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി ഡേവിഡ് മോറിസണ്‍ പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പബ്ലിക് സേഫ്റ്റി, നാഷണല്‍ സെക്യൂരിറ്റി കമ്മിറ്റിയിലെ എംപിമാര്‍ക്ക് മുമ്പില്‍ ഈ വിഷയം അവതരിപ്പിച്ച മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരോടൊപ്പം മോറിസണും ഇക്കാര്യം സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ട്. 

കൊലപാതകം, കൊള്ളയടിക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നിവയുള്‍പ്പെടെ കാനഡയിലെ വ്യാപകമായ കുറ്റകൃത്യങ്ങളില്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ ഏജന്റുമാര്‍ പങ്കാളികളാണെന്ന് രണ്ടാഴ്ച മുമ്പ് ആര്‍സിഎംപിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ പുറത്തു വന്നിരുന്നു. ഇതേക്കുറിച്ച് എംപിമാര്‍ നിരവധി ചോദ്യങ്ങളും ഉയര്‍ത്തുന്നുണ്ട്. ഇതിന് പിന്നാലെയാണ് ഇന്ത്യന്‍ സര്‍ക്കാരിലെ ശക്തനായ നേതാവിന് ഇതില്‍ പങ്കുണ്ടെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നത്. 

കാനഡയിലെ സിഖ് വിഘടനവാദികള്‍ക്കെതിരായ രഹസ്യന്വേഷണ ദൗത്യങ്ങള്‍ക്കും ആക്രമണങ്ങള്‍ക്കും ഉത്തരവ് നല്‍കിയ മുതിര്‍ന്ന ഉദ്യോഗസ്ഥരില്‍ ഒരാളാണ് ഇന്ത്യന്‍ ആഭ്യന്തര മന്ത്രി അമിത് ഷായെന്ന് കനേഡിയന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകന്‍ വിളിച്ച് വിവരം അന്വേഷിച്ചു. താന്‍ അത് അമിത് ഷായെന്ന് സ്ഥിരീകരിച്ചതായി പറഞ്ഞുവെന്ന് മോറിസണ്‍ സുരക്ഷാ സമിതിയിലെ പാര്‍ലമെന്റ് അംഗങ്ങളോട് പറഞ്ഞു. എന്നാല്‍ അമിത് ഷായുടെ ഇടപെടലിനെക്കുറിച്ച് കാനഡ എങ്ങനെ അറിഞ്ഞുവെന്ന് മോറിസണ്‍ വ്യക്തമാക്കിയിട്ടില്ല. ഇന്ത്യന്‍ സര്‍ക്കാരിലെ രണ്ടാമത്തെ ശക്തനായ നേതാവാണ് അമിത് ഷാ. 

പുതിയ വെളിപ്പെടുത്തല്‍ ഇന്ത്യയും കാനഡയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതല്‍ വഷളാക്കിയേക്കുമെന്നാണ് സൂചന. വാര്‍ത്തയ്ക്ക് പിന്നാലെ അമിത് ഷായെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സിഖ് ഫോര്‍ ജസ്റ്റിസ് എന്ന അഡ്വക്കസി ഗ്രൂപ്പ് ചൊവ്വാഴ്ച പ്രസ്താവനയും ഇറക്കിയിട്ടുണ്ട്.