കാനഡയിലെ നികുതിദായകരുടെ വിവരങ്ങൾ ചോർത്തി റീഫണ്ടിലൂടെ ആറ് ദശലക്ഷം ഡോളർ കൈക്കലാക്കി ഹാക്കർമാർ

By: 600007 On: Oct 29, 2024, 9:21 AM

 

രാജ്യത്തെ പ്രമുഖ ടാക്സ് പ്രിപ്പറേഷൻ കമ്പനിയായ എച്ച് ആൻഡ് ആർ ബ്ലോക്ക് കാനഡയിൽ നിന്ന് ഹാക്കർമാർ നിർണ്ണായക വിവരങ്ങൾ ചോർത്തിയതായി കാനഡ റവന്യൂ ഏജൻസി കണ്ടെത്തി. ഇതിലൂടെ നൂറുകണക്കിന് കനേഡിയൻ പൌരന്മാരുടെ സ്വകാര്യ സിആർഎ അക്കൗണ്ടുകൾ സംബന്ധിച്ച വിവരങ്ങൾ ഹാക്കർമാർക്ക് ലഭിച്ചു. ഇതുപയോഗിച്ച്  തെറ്റായ റിട്ടേണുകൾ സമർപ്പിച്ച് ആറ് ദശലക്ഷം ഡോളറോളം വ്യാജ റീഫണ്ടുകളിലൂടെ ഹാക്കർമാർ കൈക്കലാക്കിയതായും റിപ്പോർട്ടുണ്ട്. പല തവണ ഹാക്കർമാർ വിവരങ്ങൾ ചോർത്തിയിട്ടും ഇതേക്കുറിച്ച് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നല്കിയില്ലെന്നും ആക്ഷേപമുണ്ട്.  

എന്നാൽ തങ്ങൾ നടത്തിയ അന്വേഷണത്തിൽ യാതൊരു സുരക്ഷാവീഴ്ചയും കണ്ടെത്തിയില്ലെന്ന് H&R ബ്ലോക്ക് അറിയിച്ചു. സ്വന്തം സംവിധാനങ്ങളിൽ പിഴവൊന്നും കണ്ടെത്തിയിട്ടില്ലെന്നും യഹാക്കർമാരെ തിരിച്ചറിയാനായിട്ടില്ലെന്നും കാനഡ റവന്യൂ ഏജൻസിയും വ്യക്തമാക്കി. സാധാരണ ഇത്തരം പ്രശ്നങ്ങൾ കണ്ടെത്തിയാൽ അത് പ്രൈവസി കമ്മീഷണറെ അറിയിക്കേണ്ട ബാധ്യത കാനഡ റവന്യൂ ഏജൻസിക്കുണ്ട്. പ്രൈവസി കമ്മീഷണർ ഇക്കാര്യം  പാർലമെന്‍റിന് നേരിട്ട് റിപ്പോർട്ട് ചെയ്യും. എന്നാൽ ഹാക്കിങ്ങുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും ഇത് വരെ പാർലമെൻ്റിന് മുൻപിൽ എത്തിയിട്ടില്ലെന്നാണ് പുറത്ത് വരുന്ന സൂചന. ഇതേക്കുറിച്ച് കൂടുതൽ പ്രതികരിക്കാൻ  റവന്യൂ മന്ത്രിയും പ്രൈവസി കമ്മീഷണറും തയ്യാറായിട്ടില്ല