കുടിയേറ്റക്കാരുടെ എണ്ണം കുറയ്ക്കാൻ താൽക്കാലിക തൊഴിലാളികൾക്ക് പകരം റോബോട്ടുകളും ഓട്ടോമേഷനും ഉപയോഗിക്കണമെന്ന നിർദ്ദേശവുമായി പാർട്ടി ക്യൂബെക്കോയിസ്. പാർട്ടി പുറത്തിറക്കിയ വിശദമായ നയരേഖയുടെ ഭാഗമായാണ് ഈ വിചിത്ര നിർദ്ദേശങ്ങളുള്ളത്. കാനഡയിൽ നിന്ന് സ്വാതന്ത്ര്യം നേടിയാൽ മാത്രമേ ക്യൂബെക്കിന് പ്രായോഗികമായൊരു ഇമിഗ്രേഷൻ രൂപരേഖ ഉണ്ടാക്കാൻ കഴിയൂ എന്നും പാർട്ടി ക്യൂബെക്കോയിസ് നേതാവ് പോൾ സെൻ്റ്-പിയറി പ്ലാമോണ്ടൻ പറഞ്ഞു.
തൊഴിലാളി ക്ഷാമത്തിനുള്ള പരിഹാരം കുടിയേറ്റമല്ലെന്നാണ് പാർട്ടി നേതാവ് പോൾ സെൻ്റ്-പിയറി പ്ലാമോണ്ടൻ്റെ നിലപാട്. റോബോട്ടിക്‌സും, AIയും അടക്കമുള്ള സാങ്കേതിക വിദ്യയിലൂടെയാണ് തൊഴിലാളി ക്ഷാമവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കേണ്ടത്. ഈ മേഖലകളിൽ വൻ തോതിൽ നിക്ഷേപം നടത്തിയ ജപ്പാൻ്റെയും ചൈനയുടെയും ഉദാഹരണങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടി. ക്യൂബെക്കിൽ സ്ഥിരതാമസക്കാരല്ലാത്തവരുടെ എണ്ണം ആറ് ലക്ഷത്തിൽ നിന്ന് കുറയ്ക്കണം. ഇത് രണ്ടര ലക്ഷത്തിനും മൂന്ന് ലക്ഷത്തിനുമിടയിലാക്കുകയാണ് പാർട്ടിയുടെ ലക്ഷ്യമെന്നും പോൾ സെൻ്റ്-പിയറി പ്ലാമോണ്ടൻ വ്യക്തമാക്കി.