അധികാരത്തിൽ എത്തിയാൽ ഒരു മില്യൺ ഡോളറിൽ താഴെയുള്ള പുതിയ വീടുകളുടെ ജിഎസ്ടി ഒഴിവാക്കുമെന്ന് കൺസർവേറ്റീവ് നേതാവ് പിയറി പൊയിലീവ്രെ. ഓട്ടവയിൽ വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഇത് നടപ്പിലായാൽ ജനങ്ങൾക്ക് പതിനായിരക്കണക്കിന് ഡോളർ ലാഭിക്കാൻ കഴിയുമെന്നും രാജ്യത്ത് പുതിയ വീടുകളുടെ നിർമ്മാണം വർധിക്കുമെന്നും കൺസർവേറ്റീവ് പാർട്ടി അവകാശപ്പെടുന്നു.
അടിസ്ഥാന ആവശ്യങ്ങളായ ഭക്ഷണം പാർപ്പിടം എന്നിവയ്ക്ക് ജിഎസ്ടി ബാധകമാക്കരുതെന്ന് പിയറി പൊയിലീവ്രെ പറഞ്ഞു. ജിഎസ്ടി ഒഴിവാക്കുന്നതിലൂടെ ലഭിക്കുന്ന ആനുകൂല്യം വില്പനക്കാർ വാങ്ങുന്നവരിലേക്ക് കൈമാറുമെന്നാണ് പ്രതീക്ഷ. വിപണിയിലെ മല്സരം അതിനവരെ നിർബന്ധിതരാക്കുമെന്നും പിയറി പൊയിലീവ്രെ കൂട്ടിച്ചേർത്തു.കാനഡയിലെ ഭവന പ്രശ്നങ്ങൾ പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെ കൺസർവേറ്റീവ് പാർട്ടി മുന്നോട്ട് വയ്ക്കുന്ന വിപുലമായ പദ്ധതികളുടെ ഭാഗമാണ് പുതിയ നിർദ്ദേശം. പൊയിലീവ്രെയുടെ പ്രഖ്യാപനം വീടുകളുടെ വിലയിലും ലഭ്യതയിലും ഉണ്ടാക്കിയേക്കാവുന്ന മാറ്റങ്ങളെക്കുറിച്ച് സജീവ ചർച്ചകൾക്ക് വഴിയിട്ടിട്ടുണ്ട്.