ഹിസ്ബുല്ലയ്ക്ക് പുതിയ തലവൻ; ഹസൻ നസ്‌റല്ലയുടെ പിൻഗാമിയായി നയിം ഖാസിം

By: 600007 On: Oct 29, 2024, 1:48 PM

 

ടെഹ്റാൻ: ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഹസൻ നസ്‌റല്ലയുടെ പിൻഗാമിയായി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ നയിം ഖാസിമിനെ തെരഞ്ഞെടുത്തതായി ഹിസ്ബുല്ല. പ്രസ്താവനയിലൂടെയാണ് ഹിസ്ബുല്ല ഇക്കാര്യം അറിയിച്ചത്. ഹിസ്ബുല്ലയ്ക്ക് വേണ്ടി വിദേശ മാധ്യമങ്ങളുമായി അഭിമുഖങ്ങൾ നടത്തുന്നതിന് വരെ പേരുകേട്ട പ്രമുഖ വക്താക്കളിൽ ഒരാളാണ് നയിം ഖാസിം. 71കാരനായ നയിം ഖാസിം ഹിസ്ബുല്ലയുടെ സ്ഥാപക അം​ഗങ്ങളിൽ ഒരാൾ കൂടിയാണ്. 

1991-ൽ ഹിസ്ബുല്ലയുടെ അന്നത്തെ സെക്രട്ടറി ജനറൽ അബ്ബാസ് അൽ-മുസാവിയാണ് നയിം ഖാസിമിനെ ഹിസ്ബുല്ലയുടെ ഡെപ്യൂട്ടി സെക്രട്ടറി ജനറലായി നിയമിച്ചത്. തൊട്ടടുത്ത വർഷം ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ മുസാവി കൊല്ലപ്പെട്ടു. പിന്നീട് നസ്റല്ല നേതാവായതിന് ശേഷവും നയിം ഖാസിം തൻ്റെ റോളിൽ തുടരുകയായിരുന്നു. ഇസ്രായേലുമായുള്ള സംഘർഷം അയവില്ലാതെ തുടരുന്ന സാഹചര്യത്തിൽ നയിം ഖാസിമിന്റെ തീരുമാനങ്ങൾ നിർണായകമാകുമെന്നാണ് വിലയിരുത്തൽ.