ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യാ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടി ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടി. മറ്റ് പ്രവിശ്യാ തെരഞ്ഞെടുപ്പില്‍ നിന്നും വ്യത്യസ്തമായി വോട്ടെടുപ്പ് കഴിഞ്ഞ് ഒരാഴ്ചയിലേറെയായതിന് ശേഷം തിങ്കളാഴ്ച സര്‍ക്കാര്‍ രൂപീകരിക്കാന്‍ എന്‍ഡിപിയോട് ആവശ്യപ്പെട്ടു. 93 സീറ്റുകളുള്ള ബ്രിട്ടീഷ് കൊളംബിയ നിയമസഭയില്‍ 47 സീറ്റുകളാണ് ഭൂരിപക്ഷത്തിന് ആവശ്യം. ഇലക്ഷന്‍സ് ബീസിയുടെ കണക്കനുസരിച്ച്, നിലവിലെ പ്രീമിയര്‍ ഡേവിഡ് എബിയുടെ പാര്‍ട്ടിയായ എന്‍ഡിപി 47 സീറ്റുകള്‍ നേടി. അതേസമയം, ജോണ്‍ റുസ്താദിന്റെ കണ്‍സര്‍വേറ്റീവ്‌സ് 44 സീറ്റും ഗ്രീന്‍ രണ്ട് സീറ്റുകളുമാണ് നേടിയത്.
സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് എബി ബീസി ലെഫ്റ്റനന്റ് ഗവര്‍ണര്‍ ജാനറ്റ് ഓസ്റ്റിനുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയില്‍ തന്നോട് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ ആവശ്യപ്പെട്ടതായി എബി പ്രസ്താവനയില്‍ പറഞ്ഞു. എന്‍ഡിപി മൂന്നാം തവണയും തെരഞ്ഞെടുക്കപ്പെട്ടത് അവിശ്വസനീയമാണെന്നും അദ്ദേഹം പറഞ്ഞു.