കനേഡിയന്‍ ഗായിക ഷനായ ട്വെയ്ന്‍ കാല്‍ഗറി സ്റ്റാംപീഡില്‍ എത്തുന്നു

By: 600002 On: Oct 29, 2024, 10:15 AM

 

അടുത്ത വര്‍ഷം നടക്കുന്ന കാല്‍ഗറി സ്റ്റാംപീഡില്‍ ജനങ്ങളെ ആവേശം കൊള്ളിക്കാന്‍ കനേഡിയന്‍ ഗായിക ഷനായ ട്വെയ്ന്‍ എത്തുമെന്ന് റിപ്പോര്‍ട്ട്. സംഗീത പരിപാടികളില്‍ എക്കാലത്തെയും ഏറ്റവുമധികം ടിക്കറ്റുകള്‍ വിറ്റഴിക്കപ്പെടുന്ന വനിതാ കണ്‍ട്രി പോപ്പ് ആര്‍ട്ടിസ്റ്റാണ് ഷനായ ട്വെയ്ന്‍. ചരിത്രത്തില്‍ ആദ്യമായി തുടര്‍ച്ചയായി 3 ഡയമണ്ട്-സര്‍ട്ടിഫൈഡ് ആല്‍ബങ്ങള്‍ പുറത്തിറക്കിയ കലാകാരി കൂടിയാണ് ഷനായ. 

2025 ജൂലൈ 5 ന് കാല്‍ഗറിയിലെ സ്‌കോഷ്യബാങ്ക് സാഡില്‍ഡോമില്‍ ഷനായ ട്വെയ്ന്‍ പരിപാടി അവതരിപ്പിക്കുമെന്ന് കാല്‍ഗറി സ്റ്റാംപീഡ് അധികൃതര്‍ അറിയിച്ചു. പൊതുപ്രവേശന ടിക്കറ്റ് വില്‍പ്പന നവംബര്‍ 1 വെള്ളിയാഴ്ച മുതലും ടിക്കറ്റ്-പ്രീ-വില്‍പ്പന ഒക്ടോബര്‍ 29 ചൊവ്വാഴ്ച രാവിലെ 10 മണിക്കും ആരംഭിക്കും. വ്യാഴാഴ്ച വരെയാണ് ടിക്കറ്റ് വില്‍പ്പന. CSTWAIN  എന്ന കോഡ് ഉപയോഗിച്ച് ടിക്കറ്റുകള്‍ വാങ്ങാവുന്നതാണ്. 

നിലവില്‍ ഫെബ്രുവരി വരെ നീളുന്ന ലാസ് വെഗാസ് കണ്‍സേര്‍ട്ട് റെസിഡന്‍സിയാണ് ട്വെയ്ന്‍ ചെയ്യുന്നത്. 2014 ലെ സ്റ്റാംപീഡിലാണ് അവസാനമായി ഷനായ പരിപാടി അവതരിപ്പിച്ചത്.