കാല്‍ഗറിയില്‍ ഊബര്‍ ഡ്രൈവര്‍ക്കെതിരെ യാത്രക്കാരന്റെ വംശീയ അധിക്ഷേപം. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായി. തനിക്ക് ഉണ്ടായ ദുരനുഭവത്തെക്കുറിച്ച് മാധ്യമങ്ങളുമായി പങ്കുവെക്കുകയാണ് ഊബര്‍ ഡ്രൈവര്‍ മന്‍ദീപ് സെഗാള്‍. കഴിഞ്ഞ മാസമാണ് സംഭവം നടന്നത്.
കാറില്‍ റൈഡിനായി കയറിയ യാത്രക്കാരന്‍ തന്നോട് എവിടെ നിന്നാണെന്ന് ചോദിക്കുകയും തന്നോട് കള്ളം പറയരുതെന്ന് പറയുകയും ചെയ്തതായി സെഗാള്‍ പറയുന്നു. ഇന്ത്യക്കാരനാണെന്ന് താന്‍ മറുപടി പറഞ്ഞു. പിന്നീട് യാത്രക്കാരന്‍ തന്റെ ഇമിഗ്രേഷന്‍ സ്റ്റാറ്റസിനെക്കുറിച്ച് ചോദിച്ചു. ഇതെല്ലാം തമാശയ്ക്കാണെന്നാണ് താന്‍ വിചാരിച്ചത്. എന്നാല്‍ തന്നെ അധിക്ഷേപിച്ച് സംസാരിക്കുന്നത് ഇയാള്‍ തുടര്‍ന്നുകൊണ്ടേയിരുന്നുവെന്ന് സെഗാള്‍ പറഞ്ഞു.
കാല്‍ഗറിയില്‍ ജനിച്ചുവളര്‍ന്നയാളാണെന്നും ഇന്ത്യക്കാര്‍ക്ക് ഇവിടെ നില്‍ക്കാന്‍ അവകാശമില്ലെന്നും തന്നോട് ഇന്ത്യയിലേക്ക് മടങ്ങിപ്പോകാനും യാത്രക്കാരന്‍ ആവശ്യപ്പെട്ടതായി സെഗാള്‍ പറഞ്ഞു. സെഗാളിനുണ്ടായ ദുരനുഭവത്തെക്കുറിച്ച് ജനങ്ങളില്‍ നിന്നും വിവിധ പ്രതികരണങ്ങളാണ് ലഭിച്ചത്. തന്റെ വീക്ഷണത്തില്‍ യാത്രക്കാരന്‍ നടത്തിയത് വംശീയാധിക്ഷേപമാണെന്നും സംഭവത്തെ അപലപിക്കുന്നതായും കനേഡിയന്‍ ആന്റി-ഹേറ്റ് നെറ്റ്‌വര്‍ക്കിന്റെ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഇവാന്‍ ബാല്‍ഗോര്‍ഡ് പറഞ്ഞു.