ഉള്ളിപ്പേടിയില്‍ അമേരിക്കയിലെ ഫാസ്റ്റ്ഫുഡ് ബ്രാന്‍റുകള്‍; ചുവടുമാറ്റി കെഎഫ്സിയും ബർഗർകിങ്ങും

By: 600007 On: Oct 29, 2024, 6:17 AM

ഇ കോളി ബാക്ടീരിയ കലര്‍ന്ന മക്ഡൊണാള്‍ഡ്സിന്‍റെ ബര്‍ഗറുകള്‍ കഴിച്ചതിലൂടെ 10 സംസ്ഥാനങ്ങളിലായി 49 പേര്‍ രോഗബാധിതരാവുകയും അവരില്‍ ഒരാള്‍ മരിക്കുകയും ചെയ്തതായി യുഎസ് സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ അറിയിച്ചതിനെ തുടര്‍ന്ന് അടിയന്തര നടപടികളുമായി ഫാസ്റ്റ്ഫുഡ് ബ്രാന്‍റുകള്‍. ഉള്ളിയിലൂടെയാണ് ഇ കോളി കലര്‍ന്നതെന്ന റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് നിരവധി യുഎസ് ഫാസ്റ്റ്ഫുഡ് ശൃംഖലകള്‍ അവരുടെ മെനുവില്‍ നിന്ന് ഉള്ളി പിന്‍വലിച്ചു. ബര്‍ഗര്‍ കിംഗിന്‍റെ മാതൃ കമ്പനിയായ റെസ്റ്റോറന്‍റ് ബ്രാന്‍ഡ് ഇന്‍റര്‍നാഷണലും, കെഎഫ്സി, പിസ്സ ഹട്ട്, ടാക്കോ ബെല്‍ എന്നിവയും മുന്‍കരുതല്‍ നടപടിയായി ഉള്ളി ഒഴിവാക്കി.

മക്ഡൊണാള്‍ഡിന് ഉള്ളി വിതരണം ചെയ്യുന്ന കമ്പനിയായ ടെയ്ലര്‍ ഫാംസിലെ അരിഞ്ഞ ഉള്ളിയിലൂടെയാണ് ഇ കോളി പടര്‍ന്നത്. ബര്‍ഗര്‍ കിംഗിന് ആവശ്യമുള്ള ഉള്ളി നല്‍കുന്നതും ടെയ്ലര്‍ ഫാം ആണെങ്കിലും ഇവിടെ ഇ കോളി റിപ്പോര്‍ട്ട് ചെയ്ടിട്ടില്ല. ഏറ്റവും പുതിയതായി വിതരണം ചെയ്ത ഉള്ളിയിലൂടെയാണ് ഇ കോളി ബാധിച്ചതെന്ന് യുഎസ് കൃഷി വകുപ്പ് സ്ഥിരീകരിച്ചു. കൃത്യമായി പാകം ചെയ്യുമ്പോള്‍ ഇ.കോളി സാധാരണയായി നശിച്ചുപോകാറുണ്ട്. മക്ഡൊണാള്‍ഡിന്‍റെ ബീഫ് പാറ്റികളിലെ ഉള്ളിയിലൂടെയാണ് അണുബാധയെന്നാണ് സംശയം. സാധാരണ മനുഷ്യരുടെയും മൃഗങ്ങളുടെയും കുടലില്‍ വസിക്കുന്ന ബാക്ടീരിയ ആണ് ഇ.കോളി. പലതും നിരുപദ്രവകാരികളാണെങ്കിലും, ചിലത് വയറിളക്കം, വയറുവേദന, ഛര്‍ദ്ദി, പനി എന്നിവയ്ക്ക് കാരണമാകാം. ചില അണുബാധകള്‍ വൃക്ക തകരാര്‍ ഉള്‍പ്പെടെയുള്ള ഗുരുതരമായ പ്രശ്നങ്ങള്‍ക്ക് വഴിവയ്ക്കും. ഇ കോളി കലര്‍ന്ന ഭക്ഷണം കഴിച്ച് മൂന്ന് മുതല്‍ ഒമ്പത് ദിവസങ്ങള്‍ക്ക് ശേഷമാണ് രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങുന്നത്.