ഗാസ: ഗാസയിലെ കമാൽ അദ്വാൻ ആശുപത്രിയിൽ ഇരച്ചുകയറി പരിശോധന നടത്തിയ ഇസ്രയേൽ സംഘം അവിടെ നിന്ന് നൂറോളം പേരെ പിടിച്ചുകൊണ്ടുപോയെന്ന് പലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആശുപത്രിയിൽ ഒളിച്ചിരിക്കുകയായിരുന്ന ഹമാസ് പ്രവർത്തകരെയാണ് കസ്റ്റഡിയിലെടുത്തതെന്നാണ് ഇസ്രയേൽ സൈന്യം തിങ്കളാഴ്ച അറിയിച്ചത്. എന്നാൽ ആശുപത്രിയിലെ ഭൂരിഭാഗം ജീവനക്കാരെയും ഇസ്രയേൽ സൈന്യം കൊണ്ടുപോയതോടെ ഒരു ഡോക്ടർ മാത്രമാണ് ഇപ്പോൾ അവിടെ അവശേഷിക്കുന്നതെന്ന് പലസ്തീൻ ആരോഗ്യ മന്ത്രാലയവും അറിയിച്ചിട്ടുണ്ട്.
ജബലിയ അഭയാർത്ഥി ക്യാമ്പിൽ പ്രവർത്തിക്കുന്ന ആശുപത്രിയിലാണ് ഇസ്രയേൽ സൈന്യം ഇരച്ചുകയറിയത്. ആശുപത്രി ഹമാസ് ഉപയോഗിച്ചുവരികയായിരുന്നു എന്നാണ് ഇസ്രയേൽ സൈന്യം ആരോപിച്ചത്. എന്നാൽ ഇക്കാര്യം നിഷേധിച്ച ആരോഗ്യ മന്ത്രാലയം, ഇസ്രയേൽ സൈന്യം ആശുപത്രിക്ക് കാര്യമായ നാശനഷ്ടങ്ങളുണ്ടാക്കിയെന്നും വലിയൊരു ഭാഗം തീവെച്ച് നശിപ്പിക്കുകയും കവാടങ്ങൾ തകർക്കുകയും മതിൽ പൊളിക്കുകയും ചെയ്തതായും ആരോപിച്ചു. രോഗികൾക്കും ജീവനക്കാർക്കും പരിക്കേറ്റിട്ടുണ്ട്. രോഗികളുടെ കൂട്ടിരിപ്പുകാരെയും ജീവനക്കാരിൽ ഭൂരിപക്ഷം പേരെയും പിടിച്ചുകൊണ്ടു പോയെന്നും ആശുപത്രി അധികൃതർ പറയുന്നു. മരുന്നുകളോ ഭക്ഷണമോ ഇല്ലാതെ പ്രവർത്തിക്കാനാവാത്ത തരത്തിലേക്ക് ആശുപത്രിയെ ഇസ്രയേൽ സൈന്യം മാറ്റിയെന്നും അധികൃതർ പറഞ്ഞു.