വിനീഷ്യസ് കാത്തിരിക്കണം, റോഡ്രിക്ക് ബലോന്‍ ദ് ഓര്‍ പുരസ്‌കാരം! മാര്‍ട്ടിനെസ് മികച്ച ഗോള്‍ കീപ്പര്‍

By: 600007 On: Oct 29, 2024, 4:14 AM

 

സൂറിച്ച്: മികച്ച ലോക ഫുട്‌ബോളര്‍ക്കുള്ള ബലോന്‍ ദ് ഓര്‍ പുരസ്‌കാരം ഇംഗ്ലിഷ് ക്ലബ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ സ്പാനിഷ് മിഡ്ഫീല്‍ഡര്‍ റോഡ്രിക്ക്. കഴിഞ്ഞ സീസണില്‍ ക്ലബ്ബിനായും യൂറോ കപ്പില്‍ സ്‌പെയിനിനായും പുറത്തെടുത്ത തകര്‍പ്പന്‍ പ്രകടനത്തിന്റെ ബലത്തിലാണ് മികച്ച ലോക ഫുട്‌ബോളര്‍ക്കുള്ള പുരസ്‌കാരം റോഡ്രിയെ തേടിയെത്തിയത്. പരിക്കിനെ തുടര്‍ന്ന് വിശ്രമിക്കുന്ന റോഡ്രി ക്രച്ചസിലാണ് പുരസ്‌കാരവേദിയിലെത്തിയത്. ഡിഫന്‍സീവ് മിഡ്ഫീല്‍ഡറെന്ന നിലയില്‍ സ്‌പെയിനെ യൂറോ കപ്പ് ജേതാക്കളാകുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച റോഡ്രി ടൂര്‍ണമെന്റിലെ മികച്ച താരമായും തിരഞ്ഞെടുക്കപ്പെട്ടു. ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ സിറ്റി തുടര്‍ച്ചയായ നാലാം തവണയും ജേതാക്കളായപ്പോഴും റോഡ്രിയുടെ പങ്കു പ്രധാനപ്പെട്ടതായിരുന്നു.

മികച്ച ഗോള്‍കീപ്പര്‍ക്കുള്ള ലെവ് യാഷിന്‍ പുരസ്‌കാരം ആസ്റ്റണ്‍ വില്ലയുടെ അര്‍ജന്റീന ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനസ് നിലനിര്‍ത്തി. അര്‍ജന്റീനയെ ലോകചാംപ്യന്‍മാരാക്കുന്നതില്‍ മെസ്സിക്കൊപ്പം നിര്‍ണായക പങ്കുവഹിച്ച എമിലിയാനോ മാര്‍ട്ടിനസാണ് കഴിഞ്ഞ തവണയും മികച്ച ഗോള്‍കീപ്പറിനുള്ള ലെവ് യാഷിന്‍ പുരസ്‌കാരം നേടിയത്. കോപ്പ അമേരിക്ക കിരീടം ഉള്‍പ്പെടെ നേടുന്നതില്‍ വഹിച്ച പങ്കാണ് പുരസ്‌കാരം വീണ്ടും സ്വന്തമാക്കാന്‍ താരത്തിന് തുണയായത്.