നോവ സ്കോഷ്യയിൽ നേരത്തെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് പ്രീമിയർ ടിം ഹൂസ്റ്റൺ. നവംബർ 26 നാണ് വോട്ടെടുപ്പ്. സാമ്പത്തിക സമ്മർദ്ദങ്ങളും വരാനിരിക്കുന്ന ദേശീയ തെരഞ്ഞെടുപ്പും കണക്കിലെടുത്താണ് നോവ സ്കോഷ്യയിലെ തെരഞ്ഞെടുപ്പ് നേരത്തെയാക്കുന്നതെന്ന് ടിം ഹൂസ്റ്റൺ പറഞ്ഞു.
2025 ജൂലൈ 15നായിരുന്നു മുൻ നിശ്ചയിച്ചപ്രകാരം നോവ സ്കോഷ്യയിൽ തെരഞ്ഞെടുപ്പ് നടക്കേണ്ടത്. ടിം ഹൂസ്റ്റൻ്റെ നേതൃത്വത്തിലുള്ള ഭരണകൂടം തന്നെയാണ് ഇത് സംബന്ധിച്ച നിയമവും പാസ്സാക്കിയത്. ഇതിനു വിരുദ്ധമായാണ് ഇപ്പോൾ തെരഞ്ഞെടുപ്പ് നേരത്തെ പ്രഖ്യാപിച്ചിരിക്കുന്നത്. രണ്ട് കാരണങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. അമിതമായ ജീവിതച്ചെലവും ഭവന പ്രതിസന്ധിയും പരിഹരിക്കുന്നതിനായി ചില സുപ്രധാന തീരുമാനങ്ങൾ പരിഗണനയിലുണ്ട്. എന്നാൽ അതിന് മുൻപ് ജനങ്ങളുടെ മനസ്സറിയാനാണ് തെരഞ്ഞെടുപ്പ് നേരത്തെയാക്കിയത്. ദേശീയ തെരഞ്ഞെടുപ്പും പ്രാദേശിക തെരഞ്ഞെടുപ്പും ഒരുമിച്ച വരുന്നത് ഒഴിവാക്കുക കൂടി ലക്ഷ്യമിട്ടാണ് തീരമാനമെന്നും അദ്ദേഹം പറഞ്ഞു.