അനധികൃതമായി കുടിയേറിയ ഇന്ത്യന്‍ പൗരന്മാരെ ചാര്‍ട്ടേഡ് വിമാനത്തില്‍ തിരിച്ചയച്ചതായി അമേരിക്ക

By: 600002 On: Oct 28, 2024, 11:52 AM

 

അനധികൃതമായി അമേരിക്കയിലേക്ക് കുടിയേറി താമസിച്ചിരുന്ന ഇന്ത്യന്‍ പൗരന്മാരെ ചാര്‍ട്ടേഡ് വിമാനത്തില്‍ മടക്കി അയച്ചതായി അമേരിക്ക. യുഎസ് ഹോംലാന്‍ഡ് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്‌മെന്റാണ് ഇക്കാര്യം അറിയിച്ചത്. അനധികൃത കുടിയേറ്റം തടയുന്നതിനുള്ള പഴുതടച്ച നടപടിയുടെ ഭാഗമായാണ് ഒക്ടോബര്‍ 22 ന് ഇവരെ ഇന്ത്യന്‍ സര്‍ക്കാരിന്റെ സഹകരണത്തോടെ ഇന്ത്യയിലേക്ക് തിരികെ അയച്ചതെന്നും ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കി. അമേരിക്കയിലേക്കുള്ള അതിര്‍ത്തികളില്‍ സുരക്ഷാ പരിശോധനയും ശക്തമാക്കി. 

കൃത്യമായ രേഖകളില്ലാതെ അമേരിക്കയില്‍ തുടരുന്ന ഇന്ത്യന്‍ പൗരന്മാരെ നാടുകടത്തുമെന്ന് ആഭ്യന്തരസുരക്ഷാ വകുപ്പ് സെക്രട്ടറി ക്രിസ്റ്റി എ കനേഗല്ലോ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മനുഷ്യക്കടത്തുകാരുടെ നുണകളില്‍ വീഴരുതെന്നും കനേഗല്ലോ പറഞ്ഞു. 

2024 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുള്‍പ്പെടെ 145 രാജ്യങ്ങളില്‍ നിന്നുള്ള 1,60,000 അനധികൃത കുടിയേറ്റക്കാരെ നാടുകടത്തിയെന്നും ഇതിനായി 495 അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ നടത്തിയെന്നും യുഎസ് ആഭ്യന്തര സുരക്ഷാ വകുപ്പ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.