വളര്‍ത്തുമൃഗങ്ങള്‍ക്ക് അസുഖം ബാധിച്ചാല്‍ അവയെ പരിചരിക്കാന്‍ ജീവനക്കാര്‍ക്ക് പെയ്ഡ് സിക്ക് ഡേ അനുവദിക്കണമെന്ന നിര്‍ദ്ദേശവുമായി ന്യൂയോര്‍ക്ക് സിറ്റി. ഇതിന്റെ ഭാഗമായി ഒക്ടോബര്‍ 23 ന് ന്യൂയോര്‍ക്ക് സിറ്റി കൗണ്‍സില്‍ അംഗങ്ങളായ ഷോണ്‍ അബ്രു, ടിഫാനി കബാന്‍, ഷഹാന കെ ഹനീഫ്, ഫറാ എന്‍ ലൂയിസ്, ചി. എ ഒസ്സെ എന്നിവര്‍ വളര്‍ത്തുമൃഗങ്ങളെ പരിപാലിക്കാന്‍ ജീവനക്കാര്‍ക്ക് അവധി അനുവദിക്കുന്ന ബില്ലിന് ശുപാര്‍ശ ചെയ്തു.
ബില്‍ പാസാക്കിയാല്‍ പ്രാദേശിക നിയമം അനുസരിച്ച്, ജീവനക്കാര്‍ക്ക് വളര്‍ത്തുമൃഗങ്ങളുടെ രോഗനിര്‍ണയം, പരിചരണം, ചികിത്സ എന്നിവയ്ക്കായി സിക്ക് ലീവ് പ്രയോജനപ്പെടുത്താം. വളര്‍ത്തുമൃഗങ്ങള്‍ക്ക് അപകടങ്ങളോ പരുക്കുകളോ സംഭവിച്ചാലും അവയെ ശുശ്രൂഷിക്കാന്‍ അവധി അനുവദിക്കും. ബില്‍ നിയമമായാല്‍ അത് പ്രാബല്യത്തില്‍ വരാന്‍ 120 ദിവസമെടുക്കും.