പഠനത്തിനും ജോലിക്കുമായി കാനഡയെ ലക്ഷ്യമിട്ട് എത്തുന്ന അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ അടുത്ത മാസം മുതല്‍ പുതിയ നിയന്ത്രണങ്ങള്‍ നേരിടേണ്ടി വരും. അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്കുള്ള പോസ്റ്റ് ഗ്രാജുവേഷന്‍ വര്‍ക്ക് പെര്‍മിറ്റിനുള്ള(PGWP) യോഗ്യതാ മാനദണ്ഡങ്ങളില്‍ പ്രഖ്യാപിച്ചിട്ടുള്ള മാറ്റങ്ങള്‍ നവംബര്‍ 1 മുതല്‍ നടപ്പില്‍ വരുമെന്ന് ഇമിഗ്രേഷന്‍, റെഫ്യൂജീസ്
ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡ അറിയിച്ചു. ബിരുദം നേടിയ ശേഷം കാനഡയില്‍ ജോലി ചെയ്യാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് ആവശ്യമാണ്. പുതിയ മാറ്റം അനുസരിച്ച് അംഗീകൃത പ്രോഗ്രാമുകളുടെ ലിസ്റ്റില്‍ നിന്നും ബിരുദം നേടിയാല്‍ മാത്രമേ വിദ്യാര്‍ത്ഥികള്‍ക്ക് ജോലി ചെയ്യാന്‍ അര്‍ഹതയുള്ളൂവെന്ന് ഐആര്‍സിസി പറഞ്ഞു.
നവംബര്‍ 1 നോ അതിന് ശേഷമോ അപേക്ഷിക്കുന്നവര്‍ ഭാഷാ ആവശ്യകതകളും(ഫ്രഞ്ച് അല്ലെങ്കില്‍ ഇംഗ്ലീഷ്) പുതിയ പഠന മേഖലയും നിറവേറ്റിയിരിക്കണം. ലിസ്റ്റില്‍ 966 അംഗീകൃത പ്രോഗ്രാമുകളുണ്ട്. അഞ്ച് വിഭാഗങ്ങളായാണ് പ്രോഗ്രാമുകളെ തിരിച്ചിരിക്കുന്നത്. അഗ്രികള്‍ച്ചര്‍ ആന്‍ഡ് അഗ്രി ഫുഡ്, ഹെല്‍ത്ത്‌കെയര്‍, സയന്‍സ്, ടെക്‌നോളജി, എഞ്ചിനിയറിംഗ്, മാത്തമാറ്റിക്‌സ്(STEM), ട്രേഡ്, ട്രാന്‍സ്‌പോര്‍ട്ട് എന്നിങ്ങനെയാണ് തിരിച്ചിരിക്കുന്നത്. നവംബര്‍ 1 ന് മുമ്പ് വര്‍ക്ക് പെര്‍മിറ്റിന് അപേക്ഷിക്കുന്നവര്‍ ഭാഷാ ആവശ്യകതകളിലെ മാറ്റങ്ങള്‍ക്ക് പുറമെ മാറ്റങ്ങള്‍ക്ക് മുമ്പുള്ള നിയമങ്ങള്‍ക്ക് വിധേയമായിരിക്കുമെന്ന് ഐആര്‍സിസി അറിയിച്ചു. ഇമിഗ്രേഷന്‍ ലക്ഷ്യങ്ങളുമായും തൊഴില്‍ വിപണി ആവശ്യങ്ങളുമായി യോജിപ്പിക്കുന്നതിന് വര്‍ക്ക് പെര്‍മിറ്റ് പ്രോഗ്രാമില്‍ മാറ്റങ്ങള്‍ കഴിഞ്ഞ മാസമാണ് ഐആര്‍സിസി പ്രഖ്യാപിച്ചത്.