ഗ്യാസ് നികുതി ഇളവ് 2025 ജൂണ്‍ വരെ നീട്ടുമെന്ന് ഫോര്‍ഡ് സര്‍ക്കാര്‍ 

By: 600002 On: Oct 28, 2024, 8:55 AM


അടുത്ത സമ്മര്‍സീസണ്‍ വരെ പ്രവിശ്യയിലെ 5.7 ശതമാനം ഗ്യാസ് ടാക്‌സ് ഇളവ് നീട്ടുമെന്ന് ഒന്റാരിയോ പ്രീമിയര്‍ ഡഗ് ഫോര്‍ഡ് പ്രഖ്യാപിച്ചു. ഈ ആഴ്ച ഒന്റാരിയോയുടെ ഫാള്‍ ഇക്കണോമിക് സ്‌റ്റേറ്റ്‌മെന്റിന് മുന്നോടിയായി മന്ത്രിമാരായ പീറ്റര്‍ ബെത്‌ലെന്‍ഫാല്‍വിയും സ്റ്റീഫന്‍ ലെക്‌സും ചേര്‍ന്ന് ഗ്യാസോലിന്‍, ഇന്ധന നികുതി എന്നിവയില്‍ താല്‍ക്കാലിക നിരക്ക് വെട്ടിക്കുറയ്ക്കാനുള്ള നിയമനിര്‍മാണം അവതരിപ്പിക്കുമെന്ന് അറിയിച്ചു. 2022 ലെ ഇന്ധന നികുതി വെട്ടിക്കുറയ്ക്കല്‍, വിപുലീകരണം പോലെയുള്ള മുന്‍ നടപടികളുടെ അടിസ്ഥാനത്തിലായിരിക്കും ഈ നീക്കമെന്നാണ് റിപ്പോര്‍ട്ട്. 

ഫെഡറല്‍ കാര്‍ബണ്‍ ടാക്‌സിന്റെയും ഉയര്‍ന്ന പലിശനിരക്കിന്റെയും ഫലമായി ഒന്റാരിയോയില്‍ നിരവധി കുടുംബങ്ങള്‍ പ്രതിസന്ധികള്‍ നേരിടുകയാണ്. നികുതിദായകര്‍ പണം കൂടുതല്‍ നിലനിര്‍ത്താനാണ് തങ്ങള്‍ എപ്പോഴും പ്രവര്‍ത്തിക്കുന്നതെന്ന് ഫോര്‍ഡ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഫെഡറല്‍ ടാക്‌സിനെതിരെ പോരാടിക്കൊണ്ട് പ്രവിശ്യയിലെ നികുതിദായകര്‍ക്ക് വേണ്ടി നിലകൊള്ളുക എന്നതാണ് തങ്ങള്‍ ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു.