ടെൽ അവീവ്: കഴിഞ്ഞ ദിവസം ഇറാനെ ആക്രമിച്ച ഇസ്രയേൽ യുദ്ധവിമാനങ്ങള്‍ പറത്തിയവരില്‍ രണ്ട് വനിതാ പൈലറ്റുമാരും. ഇസ്രായേലിന്റെ പ്രതിരോധ സേന ഐഡിഎഫ് ആണ് എക്സിൽ പൈലറ്റുമാരുടെ ചിത്രങ്ങളടക്കം പങ്കുവച്ചത്. വനിതാ പൈലറ്റുമാര്‍ ആക്രമണത്തിന് ഒരുങ്ങുന്ന മുഖം വ്യക്തമാകാത്ത ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളുമാണ് സേന പുറത്തുവിട്ടത്. വിമാനങ്ങളിൽ രണ്ടെണ്ണമാണ് വനിതകൾ നിയന്ത്രിച്ചത്. ഇസ്രയേൽ ജനതയുടെ സംരക്ഷണത്തിനായി ഞങ്ങൾ എന്ത് ചെയ്യാനും തയ്യാറാണെന്ന കുറിപ്പോടെയാണ് ഐ ഡി എഫ് പൈലറ്റുമാര്‍ ആക്രമണത്തിന് ഒരുങ്ങുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടത്.
ഇറാനെതിരെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവന്നിരുന്നു എഫ്-35ഐ ജെറ്റുകൾ ഉൾപ്പെടെ 100 വിമാനങ്ങളാണ് ഇറാൻ്റെ സൈനിക കേന്ദ്രങ്ങൾക്ക് നേരെ നടന്ന ആക്രമണത്തിന് ഇസ്രായേൽ ഉപയോഗിച്ചത്. മാസങ്ങളായി തുടരുന്ന ഇറാന്റെ തുടർച്ചയായ ആക്രമണങ്ങൾക്കുള്ള മറുപടിയാണിതെന്ന് ഇസ്രായേൽ വ്യക്തമാക്കിയിരുന്നു. വെറും പത്ത് സെക്കന്‍ഡിനുള്ളിൽ ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിൽ മാത്രം അഞ്ചിലധികം വലിയ സ്ഫോടനങ്ങള്‍ ഉണ്ടായതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇസ്രയേൽ ആക്രമണം നടത്തിയെന്ന വിവരം യുഎസും സ്ഥിരീകരിച്ചിരുന്നു.