2026 മുതൽ മെഡിക്കൽ സ്കൂളുകളിൽ വിദേശ വിദ്യാർത്ഥികൾക്ക് പ്രവേശനം നല്കുന്നത് നിർത്താനൊരുങ്ങി ഒൻ്റാറിയോ സർക്കാർ. മെഡിക്കൽ സ്കൂളികളിലെ സീറ്റുകളിൽ 95 ശതമാനവും ഒൻ്റാറിയോ നിവാസികൾക്കായി മാറ്റിവയ്ക്കുമെന്ന് പ്രീമിയർ ഫോർഡും ആരോഗ്യ വകുപ്പ് മന്ത്രി സിൽവിയ ജോൺസും അറിയിച്ചു. ശേഷിക്കുന്ന അഞ്ച് ശതമാനം സീറ്റുകളിൽ കാനഡയിലെ തന്നെ മറ്റ് പ്രവിശ്യകളിലെ വിദ്യാർഥികൾക്കായിരിക്കും പ്രവേശനം നല്കുക.
നിലവിൽ ഒൻ്റാറിയോയിലെ മെഡിക്കൽ വിദ്യാർഥികളിൽ 88 ശതമാനവും ഇവിടത്തുകാർ തന്നെയാണ്. അതിനാൽ പുതിയ തീരുമാനം വലിയ മാറ്റമുണ്ടാക്കില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. പുതിയ മാറ്റം മെഡിക്കൽ സ്കൂളുകളിൽ വിദേശ വിദ്യാർഥികൾക്ക് പൂർണ്ണമായി നിരോധനമേർപ്പെടുത്താൻ ഉദ്ദേശിച്ചുള്ളതല്ലെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. സീറ്റുകളിൽ ഒഴിവു വന്നാൽ അവിടെ വിദേശ വിദ്യാർഥികളെ പ്രവേശിപ്പിക്കാവുന്നതാണ്.