കാനഡയിൽ കൊല്ലപ്പെട്ട ഖാലിസ്ഥാൻവാദി നേതാവ് ഹർദീപ് സിംഗ് നിജ്ജാറിൻ്റെ മരണ സർട്ടിഫിക്കറ്റിനായുള്ള ദേശീയ അന്വേഷണ ഏജൻസിയുടെ അപേക്ഷ നിരസിച്ച് കാനഡ. ഇന്ത്യൻ വംശജനായ നിജ്ജാർ കഴിഞ്ഞ ജൂണിലായിരുന്നു അജ്ഞാതരുടെ വെടിയേറ്റ് കൊലപ്പെട്ടത്.
എൻഐഎ അന്വേഷിക്കുന്ന ഒമ്പത് കേസുകളിൽ പ്രതിയായിരുന്നു നിജ്ജാർ.
ഈ കേസുകളുമായി ബന്ധപ്പെട്ട് കോടതിയിൽ വിശദാംശങ്ങൾ സമർപ്പിക്കുന്നതിൻ്റെ ഭാഗമായാണ് എൻഐഎ നിജ്ജാറിൻ്റെ മരണ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടത്. തങ്ങളുടെ രാജ്യത്തെ പൌരൻ്റെ മരണസർട്ടിഫിക്കറ്റ് എന്തിനാണ് ഇന്ത്യ ആവശ്യപ്പെടുന്ന എന്ന നിലപാടാണ് കനേഡിയൻ അധികൃതർ സ്വീകരിച്ചതെന്നാണ് റിപ്പോർട്ടുകളുള്ളത്. നിജ്ജാറിൻ്റെ കൊലപാതകത്തെ തുടർന്ന് ഇരു രാജ്യങ്ങൾക്കും ഇടയിലുണ്ടായ നയതന്ത്ര പ്രശ്നങ്ങൾ രൂക്ഷമായിരിക്കെയാണ് പുതിയ സംഭവവികാസമെന്നതും ശ്രദ്ധേയമാണ്.