ട്രാമി വീശിയടിച്ചു, മണ്ണിടിച്ചിലും വെള്ളപ്പൊക്കവും; ഫിലിപ്പീൻസിൽ വ്യാപക നാശനഷ്ടം, മരണം 81 ആയി

By: 600007 On: Oct 26, 2024, 5:35 PM

 

 

മനില: ട്രാമി ഉഷ്ണമേഖലാ കൊടുങ്കാറ്റിൽ ഫിലിപ്പീൻസിൽ വൻ നാശനഷ്ടം. മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലുമായി ഇതുവരെ 81 പേർ മരിച്ചു. 34 പേരെ കാണാനില്ല. നിരവധി പേർക്ക് പരിക്കേറ്റു. 3,20,000 പേരെ കൊടുങ്കാറ്റിനെ തുടർന്ന് മാറ്റിത്താമസിപ്പിച്ചു.

7,510 യാത്രക്കാർ തുറമുഖങ്ങളിൽ കുടുങ്ങിക്കിടക്കുകയാണ്. 36 വിമാനങ്ങൾ റദ്ദാക്കി.  അൽബേ പ്രവിശ്യയിലെ മയോൺ അഗ്നിപർവ്വതത്തിന്‍റെ താഴ്‌വരയിൽ നിന്ന് കൊടുങ്കാറ്റിനെ തുടർന്ന് സമീപ നഗരങ്ങളിലേക്ക് ചെളിയും മറ്റ് അവശിഷ്ടങ്ങളും ഒഴുകി. ചെളി വീടുകളെയും വാഹനങ്ങളെയും മുക്കുന്ന അവസ്ഥയിലെത്തി. 

വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് വടക്കുപടിഞ്ഞാറൻ ഫിലിപ്പീൻസിന് പടിഞ്ഞാറ് 410 കിലോമീറ്റർ വേഗതയിൽ വരെ കാറ്റ് ആഞ്ഞുവീശി. കാറ്റ് വടക്കു പടിഞ്ഞാറൻ ദിശയിൽ വിയറ്റ്നാമിലേക്ക് നീങ്ങി. പസഫിക് സമുദ്രത്തിനും ദക്ഷിണ ചൈനാ കടലിനും ഇടയിൽ സ്ഥിതി ചെയ്യുന്ന തെക്കുകിഴക്കൻ ഏഷ്യൻ ദ്വീപ സമൂഹമായ ഫിലിപ്പീൻസിൽ ഓരോ വർഷവും ഏകദേശം 20 കൊടുങ്കാറ്റുകളും ചുഴലിക്കാറ്റുകളും ആഞ്ഞടിക്കുന്നു. സെപ്തംബറിൽ യാഗി വീശിയടിച്ച് 11 പേർ മരിച്ചു.