വാഷിംഗ്ടൺ: തെരഞ്ഞെടുപ്പിന് മുന്നോടിയായി രാജ്യത്ത് അനധികൃതമായി താമസിച്ച ഇന്ത്യക്കാരെ തിരികെ അയയ്ക്കാൻ ചാട്ടേർഡ് വിമാനം വാടകയ്ക്ക് എടുത്ത് അമേരിക്ക. യുഎസ് ഹോംലാൻഡ് സെക്യൂരിറ്റിയാണ് വെള്ളിയാഴ്ച വിശദമാക്കിയത്. ഇന്ത്യൻ സർക്കാരുമായുള്ള ധാരണ അനുസരിച്ചാണ് നീക്കമെന്നാണ് യുഎസ് ഹോംലാൻഡ് സെക്യൂരിറ്റി വിശദമാക്കിയതെന്നാണ് റിപ്പോർട്ട്.
2024 ജൂൺ മുതൽ യുഎസ് അതിർത്തിയിലേക്ക് അനധികൃതമായി എത്തുന്നവരിൽ 55 ശതമാനം കുറവുണ്ടെന്നാണ് യുഎസ് ഹോംലാൻഡ് സെക്യൂരിറ്റി വിശദമാക്കുന്നത്. 145 രാജ്യങ്ങളിലേക്കായി 495 വിമാനങ്ങളിലായാണ് അനധികൃത കുടിയേറ്റക്കാരെ തിരികെ അയച്ചതെന്നും യുഎസ് ഹോംലാൻഡ് സെക്യൂരിറ്റി വിശദമാക്കി. 160000 ആളുകളെയാണ് തിരികെ അയച്ചിട്ടുള്ളത്.
അനധികൃത കുടിയേറ്റം തടയാനുള്ള ശക്തമായ ഉപകരണമായും യുഎസ് ഹോംലാൻഡ് സെക്യൂരിറ്റി നടപടിയെ നിരീക്ഷിക്കുന്നുണ്ട്. കൊളംബിയ, ഇക്വഡോർ, പെറു, ഈജിപ്ത്, സെനഗൽ, ഇന്ത്യ, ചൈന, ഉസ്ബെകിസ്ഥാൻ അടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാരെയാണ് തിരിച്ചയയ്ക്കുന്നതെന്നും യുഎസ് ഹോംലാൻഡ് സെക്യൂരിറ്റി വിശദമാക്കി.