മക്‌ഡൊണാള്‍ഡ്‌സ് ക്വാര്‍ട്ടര്‍ പൗണ്ടേഴ്‌സ് കഴിച്ചതിനെ തുടര്‍ന്ന് ഭക്ഷ്യവിഷബാധയേറ്റവരുടെ എണ്ണം 75 ആയെന്ന് യുഎസ് സെന്റേര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍(സിഡിസി) റിപ്പോര്‍ട്ട് ചെയ്തു. മാരകമായ ഇ.കോളി ബാക്ടീരിയയാണ് ഇവരില്‍ സ്ഥിരീകരിച്ചിരിക്കുന്നത്. 13 സംസ്ഥാനങ്ങളിലുള്ളവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റിരിക്കുന്നതെന്ന് ഫെഡറല്‍ ഹെല്‍ത്ത് ഏജന്‍സി അറിയിച്ചു. ഭക്ഷ്യവിഷബാധയേറ്റവരില്‍ 22 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ട് പേര്‍ക്ക് അപകടരമായ വൃക്കരോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഭക്ഷ്യവിഷബാധയേറ്റ ഒരാള്‍ മരിച്ചു.
ഇ.കോളി ബാക്ടീരിയ പൊട്ടിപ്പുറപ്പെട്ട ഉറവിടം ഇതുവരെ കൃത്യമായി തിരിച്ചറിഞ്ഞിട്ടില്ലെന്ന് യുഎസ് ഫുഡ് ആന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍ ബര്‍ഗറിലും ബീഫ് പാറ്റികളിലും ഉപയോഗിക്കുന്ന കഷണങ്ങളാക്കിയ ഉള്ളിയില്‍ നിന്നാണ് ബാക്ടീരിയ പടര്‍ന്നതെന്ന സംശയം ഉയര്‍ന്നിട്ടുണ്ട്. ഇത് സംബന്ധിച്ച് കൂടുതല്‍ അന്വേഷണങ്ങള്‍ തുടരുകയാണെന്നും അധികൃതര്‍ അറിയിച്ചു. കാലിഫോര്‍ണിയ ആസ്ഥാനമായുള്ള ടെയ്‌ലര്‍ ഫാംസില്‍ നിന്നാണ് കമ്പനിക്കായുള്ള ഉള്ളി വിതരണം ചെയ്തതെന്ന് മക്‌ഡൊണാള്‍ഡ്‌സ് അധികൃതര്‍ പറയുന്നു. ഇത് കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ഭക്ഷ്യവിഷബാധ റിപ്പോര്‍ട്ട് ചെയ്തതോടെ പല സംസ്ഥാനങ്ങളിലെയും ഔട്ട്‌ലെറ്റുകളിലെ മെനുവില്‍ നിന്ന് ബര്‍ഗര്‍ നീക്കം ചെയ്തിട്ടുണ്ട്.