കാനഡ ഇമിഗ്രേഷൻ ലക്ഷ്യങ്ങൾ വെട്ടിക്കുറയ്ക്കുന്നു

By: 600007 On: Oct 25, 2024, 2:19 PM

 
 
അടുത്ത വർഷത്തോടെ രാജ്യത്ത് പുതുതായി പെർമനൻ്റ് റസിഡൻസ് ലഭിക്കുന്നവരുടെ എണ്ണത്തിൽ 21 ശതമാനം കുറവ് വരുത്തുമെന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും ഇമിഗ്രേഷൻ മന്ത്രി മാർക്ക് മില്ലറും അറിയിച്ചു. ഇമിഗ്രേഷനുമായി ബന്ധപ്പെട്ട് നടപ്പിൽ വരുത്താനുദ്ദേശിക്കുന്ന മാറ്റങ്ങളുടെ ഭാഗമായാണ് പുതിയ നടപടി. 
 
അടുത്ത മൂന്ന് വർഷത്തിനുള്ളിൽ കുടിയേറ്റക്കാരുടെ എണ്ണത്തിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ഇത് വഴി രണ്ട് വർഷത്തിനകം ജനസംഖ്യാ വളർച്ച താൽക്കാലികമായി കുറയ്ക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പറഞ്ഞു. പുതിയ തീരുമാനങ്ങൾ അനുസരിച്ച് പുതിയ പെർമനന്‍റ് റെസിഡൻസിൻ്റെ എണ്ണം 500,000 ൽ നിന്ന് 395,000 ആയി കുറയ്ക്കും. 2027ടെ ഇത് വീണ്ടും കുറച്ച് 365000 ആക്കാനാണ് ലക്ഷ്യമിടുന്നത്. 
 
നിലവിൽ രാജ്യത്തുള്ള ടെംപററി റെസിഡൻസിൽ നിന്നായിരിക്കും പുതുതായി പെർമനൻ്റ് റസിഡൻസ് ലഭിക്കുന്ന 40 ശതമാനം പേരെയും കണ്ടെത്തുക. ഇമിഗ്രേഷൻ മന്ത്രി മാർക്ക് മില്ലറാണ് ഇക്കാര്യം അറിയിച്ചത്. കൊവിഡിനെ തുടർന്നുള്ള കാലത്ത് കാനഡയ്ക്ക് കൂടുതൽ തൊഴിലാളികളെ ആവശ്യമായിരുന്നു. എന്നാൽ തൊഴിൽ വിപണിയിലെ സാഹചര്യങ്ങൾ മാറിയ സാഹചര്യത്തിലാണ് പുതിയ തീരുമാനങ്ങളെന്നും പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ വ്യക്തമാക്കി