പോഷാകാഹാരക്കുറവ്,  മര്‍ദ്ദനം; വിന്നിപെഗില്‍ അവശനിലയിലായ പെണ്‍കുഞ്ഞ് ആശുപത്രിയില്‍; മാതാപിതാക്കള്‍ക്കെതിരെ കേസെടുത്തു 

By: 600002 On: Oct 25, 2024, 12:11 PM


സംശയാസ്പദമായ പരുക്കുകളോടെ വിന്നിപെഗ് ആശുപത്രിയിലെത്തിച്ച പെണ്‍കുഞ്ഞിന്റെ മാതാപിതാക്കള്‍ക്കെതിരെ കുറ്റം ചുമത്തിയതായി വിന്നിപെഗ് പോലീസ്. സെപ്തംബര്‍ അവസാനത്തോടെയാണ് സംഭവം. ഒന്നിലധികം പരുക്കുകളോടെ പെണ്‍കുഞ്ഞുമായി രക്ഷിതാക്കള്‍ ആശുപത്രിയിലെത്തുകയായിരുന്നുവെന്നും ആശുപത്രി ജീവനക്കാര്‍ പോലീസിനെ വിവരമറിയിക്കുകയുമായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. 

സംഭവത്തില്‍ ചൈല്‍ഡ് അബ്യൂസ് യൂണിറ്റ് അന്വേഷണം നടത്തി പോഷാകാഹാരക്കുറവിന്റെയും കുഞ്ഞിനെ മര്‍ദ്ദിച്ചതിന്റെയും ഫലമായാണ് ശരീരത്തില്‍ മുറിവുകളുണ്ടായതെന്ന് കണ്ടെത്തി. തുടര്‍ന്ന് കുട്ടിയുടെ മാതാപിതാക്കളെ അറസ്റ്റ് ചെയ്തു. കസ്റ്റഡിയിലെടുത്ത് ഇവരെ കൂടുതല്‍ ചോദ്യം ചെയ്ത് വരികയാണെന്ന് പോലീസ് അറിയിച്ചു. കുഞ്ഞിനെ കൃത്യമായി സംരക്ഷിക്കാതെ അവകാശങ്ങള്‍ നിഷേധിച്ചുവെന്ന കുറ്റമാണ് ഇരുവര്‍ക്കുമെതിരെ ചുമത്തിയിരിക്കുന്നത്. പിതാവിനെതിരെ ക്രൂരമായ മര്‍ദ്ദനത്തിനും കേസെടുത്തിട്ടുണ്ട്.