കാനഡയില്‍ ഏറ്റവും മോശം ഫാമിലി ഡോക്ടര്‍ കവറേജുള്ളത് ബീസിയില്‍ 

By: 600002 On: Oct 25, 2024, 11:16 AM

 

ബ്രിട്ടീഷ് കൊളംബിയയില്‍ അഞ്ചില്‍ ഒരാള്‍ക്ക് ഫാമിലി ഡോക്ടര്‍ ഇല്ലെന്ന് റിപ്പോര്‍ട്ട്. കാനഡയില്‍ അറ്റ്‌ലാന്റിക് കാനഡയ്ക്കും പ്രദേശങ്ങളിലുമായി ഏറ്റവും മോശം പ്രൈമറി കെയര്‍ കവറേജ് ബ്രിട്ടീഷ് കൊളംബിയയിലാണെന്ന് രാജ്യത്തെ പ്രൈമറി കെയറിന്റെ അവസ്ഥയെക്കുറിച്ചുള്ള കനേഡിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് ഇന്‍ഫര്‍മേഷന്റെ പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു. 

പ്രവിശ്യയില്‍ 82 ശതമാനം പേര്‍ക്കും ഒരു റെഗുലര്‍ ഹെല്‍ത്ത്‌കെയര്‍ പ്രൊവൈഡര്‍ ഉണ്ടെന്ന് റിപ്പോര്‍ട്ടില്‍ കണ്ടെത്തി. മറ്റ് 18 ശതമാനം പേര്‍ പ്രവിശ്യയിലെ വാക്ക്-ഇന്‍ ക്ലിനിക്കുകള്‍, ടെലിഹെല്‍ത്ത് അല്ലെങ്കില്‍ എമര്‍ജന്‍സി റൂമുകള്‍ എന്നിവയെ ആശ്രയിക്കുന്നു. പ്രൈമറി കെയര്‍ പ്രൊവൈഡര്‍ ഇല്ലാത്ത ആളുകളുടെ ആരോഗ്യം മോശമാവുകയും പ്രതിരോധശേഷി കുറയുകയും രോഗങ്ങളുടെ നിരക്ക് ഉയരുകയും ചെയ്യുന്നതായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. 

ദേശീയതലത്തില്‍ 83 ശതമാനം കനേഡിയന്‍ പൗരന്മാര്‍ക്കും ഒരു റെഗുലര്‍ കെയര്‍ പ്രൊവൈഡറെ ലഭ്യമാണ്. എന്നാല്‍ ബീസിയില്‍ ഇത് ദേശീയ ശരാശരിയേക്കാള്‍ താഴെയാണ്. 87 ശതമാനം സ്ത്രീകള്‍ക്ക് ഫാമിലി ഡോക്ടറുടെ സേവനം ലഭ്യമാകുമ്പോള്‍ 79 ശതമാനം പുരുഷന്മാര്‍ക്ക് മാത്രമാണ് ഫാമിലി ഡോക്ടറുടെ സേവനം ലഭ്യമാകുന്നത്. 

ഏറ്റവും സമ്പന്നരായ ആളുകള്‍ക്ക് ഏറ്റവും കുറഞ്ഞ വരുമാനമുള്ളവരേക്കാള്‍ ഫാമിലി ഡോക്ടര്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും റിപ്പോര്‍ട്ടില്‍ കണ്ടെത്തി. 34 വയസ്സിന് താഴെയുള്ള യുവാക്കള്‍ക്ക് പ്രൈമറി കെയര്‍ പ്രൊവൈഡറിലേക്കുള്ള ആക്‌സസ് പ്രായമേറിയവരുടേതിനേക്കാള്‍ വളരെ കുറവാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 

ഫാമിലി ഡോക്ടറുടെ ക്ഷാമം കണക്കിലെടുത്ത് കമ്മ്യൂണിറ്റിയില്‍ ഒരു ഫാമിലി ഡോക്ടറെയോ നഴ്‌സ് പ്രാക്ടീഷണറെയോ നിയമിക്കുന്നതിന് പ്രവിശ്യയിലെ ബിസി ഹെല്‍ത്ത് കണക്റ്റ് രജിസ്ട്രിയില്‍ രജിസ്റ്റര്‍ ചെയ്യുന്നതുള്‍പ്പെടെ ഫാമിലി ഡോക്ടറെ എങ്ങനെ കണ്ടെത്താം എന്നതിനെക്കുറിച്ച് ബീസി കോളേജ് ഓഫ് ഫാമിലി ഫിസിഷ്യന്‍സ് ചില നിര്‍ദ്ദേശങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കുന്നുണ്ട്. ഫാമിലി ഡോക്ടറെ ലഭിക്കാത്ത താമസക്കാരെ 811 എന്ന നമ്പറില്‍ വിളിച്ച് ഹെല്‍ത്ത് ലിങ്ക് ബീസിയുമായി ബന്ധപ്പെടാന്‍ പ്രോത്സാഹിപ്പിക്കുന്നു. ഇവര്‍ക്ക് ഫാമിലി പ്രാക്ടീസ് ഡിവിഷനുകളുമായി ബന്ധപ്പെടാനും സാധിക്കും.