ആഗോളതാപനത്തിനെതിരെ രാജ്യങ്ങള്‍ കര്‍ശന നടപടിയെടുത്തില്ലെങ്കില്‍ ലോകത്ത് ചൂട് വര്‍ധിക്കുമെന്ന് യുഎന്‍ റിപ്പോര്‍ട്ട് 

By: 600002 On: Oct 25, 2024, 10:16 AM

 


രാജ്യങ്ങള്‍ അവരുടെ നിലവിലെ നയങ്ങള്‍ തുടരുകയാണെങ്കില്‍ ഭൂമിയുടെ ചൂട് 3 ഡിഗ്രിയിലധികം വര്‍ധിക്കാന്‍ ഇടയാക്കുമെന്ന് ഐക്യരാഷ്ട്ര സഭ റിപ്പോര്‍ട്ട്. ലോകം ഇപ്പോള്‍ ഉള്ളതിനേക്കാള്‍ 1.8 ഡിഗ്രി സെല്‍ഷ്യസ്(3.2 ഫാരന്‍ഹീറ്റ്) ചൂടിലേക്കുള്ള പാതയിലാണ്. എന്നാല്‍ കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പോരാടുമെന്ന് രാജ്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നത് പോലെ പ്രാവര്‍ത്തികമാക്കുകയാണെങ്കില്‍ ഭാവിയില്‍ ചൂടിന്റെ കാഠിന്യം പരമാവധി കുറയ്ക്കാന്‍ കഴിയുമെന്ന് യുഎന്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. 

ചൂടേറിയ കൊടുങ്കാറ്റുകള്‍, കാട്ടുതീ, വരള്‍ച്ച എന്നിവയുടെ ആഘാതങ്ങള്‍ തടയാന്‍ നിലവിലെ പ്രവര്‍ത്തനങ്ങളോ സംവിധാനങ്ങളോ പര്യാപ്തമല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആഗോളതാപനവും ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗവും ക്രമീകരിക്കാനുള്ള പാരീസ് ഉടമ്പടിയുടെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ രാജ്യങ്ങള്‍ കൂട്ടായി പരാജയപ്പെടുമെന്നത് ഏറെക്കുറെ ഉറപ്പാണെന്നും റിപ്പോര്‍ട്ട് പറയുന്നു. ഫോസില്‍ വാതകങ്ങള്‍ പുറന്തള്ളുന്നത് തടയുവാനായി രാജ്യങ്ങള്‍ക്ക് നിലവില്‍ തന്നെ വിവിധ കരാര്‍ പ്രകാരം ലക്ഷ്യങ്ങളുണ്ട്. ഈ ലക്ഷ്യങ്ങള്‍ പ്രാവര്‍ത്തികമാക്കിയാല്‍ തന്നെ ഫോസില്‍ ഇന്ധനങ്ങള്‍ കൊണ്ടുള്ള മലിനികീരണം വെറും 10 ശതമാനം മാത്രമേ കുറയുകയുള്ളൂ. 

ലോകത്തിലെ ഏറ്റവും സമ്പന്നമായ 20 രാജ്യങ്ങളാണ് വായുവിലെ കാര്‍ബണ്‍ മലിനീകരണത്തിന്റെ 77 ശതമാനത്തിനും ഉത്തരവാദികളെന്ന് റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നുണ്ട്. രാജ്യങ്ങളുടെ പ്രഖ്യാപിത ഉദ്വമനം കുറയ്ക്കല്‍ ലക്ഷ്യങ്ങളില്‍ വീഴ്ചവരുത്തുന്നു. ഈ രാജ്യങ്ങളില്‍ 11 എണ്ണം മാത്രമേ അവരുടെ വ്യക്തിഗത ലക്ഷ്യങ്ങള്‍ കൈവരിക്കുന്നുള്ളൂവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യങ്ങള്‍ക്ക് കടുത്ത മുന്നറിയിപ്പാണ് ഐക്യരാഷ്ട്ര സഭ നല്‍കുന്നത്. 

ആഗോളതാപനം 1.5 ഡിഗ്രി സെല്‍ഷ്യസിന് താഴെയായി ൃനിലനിര്‍ത്താന്‍ 2019 ലെ നിലവാരവുമായി താരതമ്യം ചെയ്യുമ്പോള്‍ 2030 ഓടെ ഹരിതഗൃഹ വാതകങ്ങള്‍ പുറന്തള്ളുന്നത് 42 ശതമാനം കുറയണം. 2 ഡിഗ്രി സെല്‍ഷ്യസില്‍ എത്തണമെങ്കില്‍ 2030 ഓടെ 28 ശതമാനം കുറയണം. ഇതാണ് സാഹചര്യമെന്നിരിക്കെ, നിലവിലുള്ള സ്ഥിതിയിലാണ് മുന്നോട്ട് പോകുന്നതെങ്കില്‍ ചൂട് കുറയില്ല എന്ന് മാത്രണല്ല, 3 ഡിഗ്രി വരെ കൂടുമെന്നാണ് യുഎന്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.