വിദ്യാഭ്യാസത്തിനായി കാനഡയിലെത്തുന്ന വിദേശ വിദ്യാർഥികൾ ലൈംഗിക ചൂഷണം നേരിടുന്നുവെന്ന് ബ്രാംടൺ മേയർ പാട്രിക് ബ്രൌൺ. ലൈംഗിക ദുരുപയോഗവും പെൺ വാണിഭവും മറയില്ലാതെ നടക്കുന്നുണ്ടെന്നും ഇത് തടയാൻ നടപടികൾ അനിവാര്യമാണെന്നും പാട്രിക് ബ്രൌണ്‍ കൂട്ടിച്ചേർത്തു.
വിദ്യാർത്ഥികളും പ്രാദേശിക സാമൂഹിക സംഘടനകളും മുൻപും പല തവണ ഈ വിഷയം ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. എന്നാൽ സർക്കാർ തലത്തിൽ ഇതേത്തെക്കുറിച്ച് ഔദ്യോഗികമായി പ്രതികരിക്കുന്നത് ഇതാദ്യമാണ്. സ്ത്രീകളും, വിദ്യാർഥികളടക്കമുള്ള യുവാക്കളുമാണ് കൂടുതലും ചൂഷണത്തിന് ഇരയാകുന്നത്. വാടകക്കിഴിവും, മികച്ച തൊഴിലവസരങ്ങളുമൊക്കെ വാഗ്ദാനം ചെയ്താണ് വിദ്യാർത്ഥികളെ കബളിപ്പിക്കുകയും ലൈംഗിക വ്യാപാരത്തിലേക്ക് നിർബന്ധിക്കുകയും ചെയ്യുന്നത്. എതിർത്താൽ ഇവരെ ഭീഷണിപ്പെടുത്തുകയും ആക്രമിച്ച് നിശബ്ദരാക്കുകയുമാണ് പതിവ്.
ഇത് തടയാൻ പദ്ധതികൾ ആവിഷ്‌ക്കരിക്കുന്ന പ്രമേയം ബുധനാഴ്ച ബ്രാംപ്‌ടൺ സിറ്റി കൗൺസിൽ ഏകകണ്ഠമായി അംഗീകരിച്ചു. വിദ്യാർത്ഥികളുടെ മനുഷ്യക്കടത്ത് അടക്കമുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ ഫെഡറൽ, പ്രവിശ്യാ ഗവൺമെൻ്റുകളും മുന്നിട്ടിറങ്ങേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ച് പ്രമേയം അവതരിപ്പിച്ച ബ്രാംപ്ടൺ സിറ്റി കൗൺസിലർ റൊവേന സാൻ്റോസ് പറഞ്ഞു.