
ആൽബർട്ടയിൽ എച്ച്ഐവി ബാധിതരുടെ എണ്ണത്തിൽ ഞെട്ടിക്കുന്ന നിരക്കിൽ വർദ്ധനവ് ഉണ്ടായതായി ആൽബർട്ട ഹെൽത്ത് റിപ്പോർട്ട് ചെയ്തു . കഴിഞ്ഞ 20 വർഷത്തെ കണക്കെടുക്കുമ്പോൾ എച്ച്ഐവി ബാധിതരുടെ എണ്ണത്തിൽ ഉണ്ടായ വർദ്ധനവ് വളരെ കൂടുതലാണ്.
2022നെ അപേക്ഷിച്ച് 2023ൽ എച്ച്ഐവി ബാധിതരുടെ എണ്ണത്തിൽ 73 ശതമാനമാണ് വർധനവുണ്ടായിരിക്കുന്നത്. എച്ച്ഐവി കേസുകളുടെ എണ്ണം 2022-ൽ 293 ആണെങ്കിൽ 2023-ൽ 507 ആയി ഉയർന്നു .
പുതിയ പ്രാദേശിക അണുബാധകൾ, കാനഡയിലുടനീളമുള്ള കുടിയേറ്റക്കാർ, മറ്റ് രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാർ എന്നീ മൂന്ന് ഘടകങ്ങൽ എച്ച് ഐ വി യുമായി ബന്ധപ്പെട്ടിരിക്കുന്നതായി
സതേൺ ആൽബർട്ട എച്ച്ഐവി ക്ലിനിക്കിൻ്റെ മെഡിക്കൽ ഡയറക്ടർ ഡോ. ജോൺ ഗിൽ പറഞ്ഞു.
റിപ്പോർട്ട് അനുസരിച്ച്, 2023 ൽ 54.8 ശതമാനം കേസുകൾ രാജ്യത്തിന് പുറത്ത് നിന്ന് നേടിയതാണ്, 2022 ൽ ഇത് 43 ശതമാനമായിരുന്നു.പുതിയ കേസുകളിൽ 18.5 ശതമാനവും, ഭിന്നലിംഗ പങ്കാളികൾ തമ്മിലുള്ള ബന്ധത്തിലൂടെയാണ് .
ഡോക്‌ടർമാർ മാത്രമല്ല, മുൻനിര ഏജൻസികളും എച്ച്ഐവി ബാധിതരുടെ എണ്ണം വർദ്ധിക്കുന്നതിൽ ആശങ്ക രേഖപ്പെടുത്തുന്നു . ആയതിനാൽ എച്ച്ഐവിയെ കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുന്നതിന്
കൂടുതൽ ആരോഗ്യ വിദ്യാഭ്യാസം ആവശ്യമാണെന്ന് സേഫ് ലിങ്ക് ആൽബർട്ട വ്യക്തമാക്കി.
വിദ്യാഭ്യാസത്തോടുള്ള സമഗ്രമായ സമീപനവും പ്രതിരോധത്തെക്കുറിച്ചുള്ള അവബോധവും ഉണ്ടായിരിക്കണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ലൈംഗികമായി പകരുന്നതും രക്തത്തിലൂടെ പകരുന്നതുമായ അണുബാധകളുടെ പരിശോധനയ്ക്കും ചികിത്സയ്ക്കുമുള്ള തടസ്സങ്ങൾ കുറയ്ക്കുന്നതിനും സ്ക്രീനിങ്ങിലേക്കുള്ള പ്രവേശനം വർദ്ധിപ്പിക്കുന്നതിനുമായി ആൽബർട്ട ഹെൽത്ത് സർവീസസ് (എഎച്ച്എസ്), കമ്മ്യൂണിറ്റി അധിഷ്ഠിത ഓർഗനൈസേഷനുകൾ എന്നിവയുമായി സർക്കാർ പ്രവർത്തിക്കുന്നത് തുടരുകയാണെന്ന് ആൽബർട്ട ഹെൽത്ത് പ്രസ്താവനയിൽ വ്യക്തമാക്കി.
ഈ വർഷത്തെ എച്ച്ഐവി ബാധിതരുടെ എണ്ണം പൂർത്തിയായിട്ടില്ലെങ്കിലും കേസുകൾ 2023-ൽ റിപ്പോർട്ട് ചെയ്തതിന് സമാനമാണെന്നാണ് ആരോഗ്യവകുപ്പ് അറിയിച്ചത്.